തൃശൂര്‍: തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍(32) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയാണ് സുഹൃത്തിന്റെ വീട്ടിലെത്തിയ സഹറിന് നേരെ സദാചാര ആക്രമണമുണ്ടായത്.
തനിക്ക് നേരെ സദാചാരഗുണ്ടാ ആക്രമണമുണ്ടായില്ലെന്നാണ് സഹര്‍ പൊലീസില്‍ മൊഴി നല്‍കിയത്. ബസ് സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരുസംഘം മര്‍ദിച്ചെന്നായിരുന്നു ആദ്യമൊഴി. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ നടന്നത് സദാചാര ആക്രമണമാണെന്ന് കണ്ടെത്തി. സുഹൃത്തിന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിന് സമീപത്തുവച്ച് യുവാവിനെ ആറുപേര്‍ ചേര്‍ന്ന് മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. എന്നാല്‍ സഹറിനെ ആക്രമിച്ച പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ആറ് പേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
തൃശൂര്‍ തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേര്‍പ്പ് സ്വദേശിയായ സഹര്‍. സംഭവത്തിനുശേഷം വീട്ടിലെത്തിയ സഹര്‍ വേദനകൊണ്ട് നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് മാതാവും ബന്ധുക്കളും യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും സഹറിനെ മാറ്റുകയായിരുന്നു.
കേസില്‍ പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്ര അറിയിച്ചു. അറസ്റ്റ് വൈകുന്നതില്‍ പൊലീസ് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു.