ആണും പെണ്ണും ഒരിമിച്ച് സമയം ചിലവഴിക്കുമ്പോള്‍ അതിനിടയിലേക്ക് കയറി അധികാരം കാണിച്ച് ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ആനന്ദം കണ്ടെത്തുന്ന ഒരു ‘ഗ്രേ’ വശം കേരളത്തിനുണ്ട്. ലോകവും കാലവും എത്ര മുന്നോട്ട് പോയാലും മാറ്റമില്ലാത്ത ഒരു ‘ആചാരമായി’ ഇന്നും ഇത് തുടരുന്നു. ഒരുപക്ഷേ ഞങ്ങള്‍ മാറില്ല എന്നാ ശാഠ്യത്തോടെ എല്ലാ പ്രദേശത്തും ജീവിക്കുന്ന ഒരുപറ്റം പേരായിരിക്കും ഇതിന് പിന്നില്‍. ലിംഗവ്യത്യാസമില്ലാത്ത ഇവര്‍ക്ക് ഒരേ മുഖമായിരിക്കും, വെറുപ്പിന്റെ വികൃതമായ മുഖം.
അത്തരമൊരു സംഭവം കൂടി കേരളത്തില്‍ കഴിഞ്ഞ ദിവസം അരങ്ങേറി. കണ്ണൂർ സർവകലാശാല മഞ്ചേശ്വരം എൽഎൽഎം സെന്ററിലെ വനിത ലൈബ്രേറിയനും ഓഫീസ് ജീവനക്കാരനും നേരെയായിരുന്നു സദാചാര ആക്രമണം. ജോലി കഴിഞ്ഞു മടങ്ങിയ ഇരുവരേയും പിന്തുടര്‍ന്ന ശേഷമായിരുന്നു ആക്രമണമുണ്ടായത്. തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയും വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമങ്ങളുമെല്ലാം മൂവരും ചേര്‍ന്ന് നടത്തി. ഒടുവില്‍ സമീപവാസികള്‍ എത്തിയപ്പോഴാണ് അക്രമികള്‍ പിന്തിരിഞ്ഞത്.
സംഭവം ഇങ്ങനെ
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് ജോലി കഴിഞ്ഞ് ഹരികൃഷ്ണനും സഹപ്രവര്‍ത്തകയും ഓഫീസില്‍ നിന്ന് ഇറങ്ങിയത്. ഓഫീസില്‍ നിന്ന് ഇറങ്ങിയ ഇരുവരേയും മൂന്ന് പേര്‍ ബൈക്കില്‍ പിന്തുടരാന്‍ ആരംഭിച്ചു. കുറച്ച് സമയത്തിന് ശേഷം ബൈക്കിലെത്തിയ സംഘം ഇരുവരേയും തടഞ്ഞു നിര്‍ത്തി. പിന്നാലെ തന്നെ ഫോട്ടോയെടുക്കാനും വീഡിയോ ചിത്രീകരിക്കാനുമുള്ള ശ്രമവും സംഘം ആരംഭിച്ചു. ഇതു ചോദ്യം ചെയ്ത ഹരികൃഷ്ണന് മര്‍ദന ശ്രമവും ഉണ്ടായി.
സഹപ്രവർത്തകയുടെ കയ്യിൽ കയറിപ്പിടിക്കുകയും വളരെ മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്തതായാണ് ഹരികൃഷ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞത്. ആണും പെണ്ണം ഒരുമിച്ച് നടക്കാന്‍ പാടില്ലെന്ന തരത്തിലുള്ള സംഭാഷണമായിരുന്നു അക്രമിസംഘത്തില്‍ നിന്ന ഉണ്ടായതെന്നും ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുവാണോ മുസ്ലീമാണോ എന്നുവരെയുള്ള ചോദ്യങ്ങള്‍ നേരിട്ടതായും സര്‍വകലാശാല ജീവനക്കാരന്‍ വ്യക്തമാക്കി.
ക്യാമ്പസ് ഡയറക്ടറായ ഷീന ഷുക്കൂറിന്റെ ഇടപെടലാണ് സ്ഥിതഗതികള്‍ ശാന്തമാക്കിയതെന്നും ഹരികൃഷ്ണന്‍ പറയുന്നു. സംഭവം നടന്നപ്പോള്‍ ഉടന്‍ തന്നെ ഷീന ഷുക്കൂറിനെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ എസ് പിയുമായി ബന്ധപ്പെടുകയും സ്ഥലത്ത് ഉടന്‍ പൊലീസ് എത്തുകയും ചെയ്തു, ഹരികൃഷ്ണന്‍ പറഞ്ഞു. ആക്രമി സംഘത്തിലുള്ളവരെ ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് ജീവനക്കാരന്‍ പറയുന്നത്.
രണ്ട് പേര്‍ പിടിയില്‍, മൂന്നാമനായി തിരച്ചില്‍
സദാചാര ആക്രമണ പരാതിയില്‍ രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. മഞ്ചേശ്വരം ഗോവിന്ദപൈ കോളജിന് സമീപം അംബേദ്‌കർ കോളനിയില്‍ താമസിക്കുന്ന എസ് വിജിത്ത്, മുഹമ്മദ് മുസ്‌തഫ എന്നിവരാണ് പിടിയിലായിരിക്കുന്നത്. സംഘത്തിലെ മൂന്നാമനായ കൗശിക്കിനായി തിരച്ചില്‍ തുടരുകയാണ്. നേരത്തെ സമാന സംഭവത്തില്‍ പിടിയിലായിട്ടുള്ളവരാണ് ഇരുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജനമായ റോഡിലെ ഗുണ്ടായിസം ആദ്യമല്ല
എല്‍എല്‍എം സെന്ററിലേക്കുള്ള വിജനമായ റോഡാണ് സദാചാരഗുണ്ടായിസക്കാരുടെ താവളം. പലപ്പോഴും ഒളിച്ചിരുന്നാണ് ഇത്തരക്കാര്‍ ഭീഷണി ഉയര്‍ത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. വനിതാ ജീവനക്കാര്‍ക്കെതിരായ ആക്രമണവും ഇതാദ്യമല്ല. പലപ്പോഴും ആക്രമണം ഭയന്ന് ജീവനക്കാര്‍ക്ക് ഓഫീസിലേക്ക് തിരികെ പോകേണ്ടതായി വന്നിട്ടുണ്ട്.