തിരുവനന്തപുരം: മാധ്യമപ്രവർത്തകയ്‌ക്കെതിരായ സദാചാരാക്രമണ കേസിൽ തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും എം.രാധാകൃഷ്ണനെ സസ്പെൻഡ് ചെയ്തു. രാധാകൃഷ്ണന്റെ പ്രസ്ക്ലബ് അംഗത്വവും സസ്പെൻഡ് ചെയ്തതായി ജോയിന്റ് സെക്രട്ടറി സാബ്‌ളു തോമസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“എന്റെ അധികാര പരിധി ഉപയോഗിച്ച് രാധാകൃഷ്ണനെ പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്തു നിന്നും അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇനി ജനറൽ ബോഡി ചേർന്ന് തീരുമാനം അംഗീകരിക്കേണ്ടതുണ്ട്. രണ്ടു ദിവസത്തിനകം ജനറൽ ബോഡി വിളിക്കും,” സാബ്‌ളു തോമസ് പറഞ്ഞു.

രാധാകൃഷ്ണനെ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും മാധ്യമ പ്രവർത്തകരുടെ ക്ലബ് അംഗത്വത്തിൽ നിന്നും പുറത്താക്കണം എന്നാവശ്യപ്പെട്ട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിലേക്ക് മാർച്ച് നടത്തിയിരുന്നു. നിരവധി മാധ്യമപ്രവർത്തകരും മറ്റ് സംഘടനകളും മാർച്ചിൽ പങ്കെടുത്തിരുന്നു.

പ്രതിഷേധം നടത്തുന്ന വനിതാ മാധ്യമ പ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി.ഭാസ്കർ തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഓണററി അംഗത്വം രാജിവച്ചിരുന്നു.

മാധ്യമസ്ഥാപനത്തിലെ പ്രൂഫ് റീഡറായ രാധാക്യഷ്ണൻ അതേ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടിലെത്തിയാണ് സദാചാരാക്രമണം നടത്തിയതെന്നാണ് ആരോപണം. മാധ്യമ പ്രവർത്തകയും ഭർത്താവും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് അറസ്റ്റിലായ രാധാകൃഷ്ണന് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

നവംബർ 30നു രാത്രി 10 മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നതിങ്ങനെ: ” സുഹൃത്ത് വീട്ടിലെത്തിയതിന് പിന്നാലെ, തങ്ങൾ താമസിക്കുന്ന അതേ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരനായ രാധാകൃഷ്ണൻ കുറച്ച് ആളുകളെ കൂട്ടി വീട്ടിൽ എത്തുകയും വീടിനകത്തേക്ക് അനുവാദമില്ലാതെ കയറുകയും ചെയ്തു. തുടര്‍ന്ന് എന്തിനാണ് ആണ്‍ സുഹൃത്ത് വീട്ടിലേക്ക് വന്നതെന്ന് ചോദിച്ച് തന്നോട് മോശമായി പെരുമാറുകയും സുഹൃത്തിനെ മർദിക്കുകയും ചെയ്തു.”

രാത്രി ഭർത്താവില്ലാത്ത സമയത്ത്, മറ്റുള്ളവരുമായി വീട്ടിൽ എത്തിയ രാധാകൃഷ്ണൻ ഒരു മണിക്കൂറോളം വീട്ടിൽ മോശം അന്തരീക്ഷം സൃഷ്ടിച്ചതായും കിടപ്പുമുറിയും അടുക്കളയും പോലും പരിശോധിക്കാൻ തുടങ്ങിയതായും പരാതിയിൽ പറയുന്നു. രാധാകൃഷ്ണനൊപ്പം ഒരു വനിതാ വക്കീലും അവരുടെ മകനും ആണ് കേസിലെ മറ്റ് പ്രധാന പ്രതികള്‍.

മാധ്യമപ്രവർത്തക സദാചാരാക്രമണത്തിന് ഇരയായ സംഭവത്തിൽ വനിതാ മാധ്യമപ്രവർത്തകർ ഡിസംബർ ആറിന് രാവിലെ തിരുവനന്തപുരം പ്രസ്ക്ലബിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സഹപ്രവർത്തകയെ അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്. സംഭവം നടന്ന് ഒരാഴ്ചയോളം സമയമെടുത്താണ് പ്രസ് ക്ലബിന്റെ നടപടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook