തിരുവനന്തപുരം: കേരള പൊലീസിനെ നിയന്ത്രിക്കാന്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. മോശം പെരുമാറ്റമുള്ളവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ഡിജിപി തയ്യാറാക്കിയ കര്‍മ്മ പദ്ധതിയില്‍ പറയുന്നു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ അവരെ തല്‍സ്ഥാനത്തുനിന്ന് മാറ്റും. മോശം പെരുമാറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കര്‍മ്മ പദ്ധതിയില്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് നല്ല രീതിയില്‍ പെരുമാറണം. ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തി പൊലീസ് സേനയുടെ പ്രതിച്ഛായ വീണ്ടെടുക്കണമെന്ന് ഡിജിപി നിര്‍ദേശിക്കുന്നു. സഭ്യമല്ലാത്ത രീതിയില്‍ ജനങ്ങളോട് സംസാരിക്കരുത്. പൊലീസ് ജനങ്ങളോട് മോശമായി പെരുമാറുന്നത് സേനയ്ക്ക് ചീത്ത പേരുണ്ടാക്കുന്നുവെന്നും കര്‍മ്മ പദ്ധതിയില്‍ വിമര്‍ശനമുണ്ട്.
Read Also: പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാന്‍ പാടില്ല: പിണറായി വിജയന്
പൊലീസ് സേനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ ഇടപെട്ടിരുന്നു. തലസ്ഥാനത്ത് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി കര്‍മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പൊതുപരിപാടികളിൽ കേരള പൊലീസിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാന്‍ പാടില്ലെന്ന് പിണറായി വിജയന് പൊലീസ് ആസ്ഥാനത്ത് പറഞ്ഞിരുന്നു. ചട്ടവിരുദ്ധമായ കാര്യങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: Horoscope Today September 18, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
എല്ലാ പൊലീസുകാരും പൊതുചട്ടങ്ങള്‍ പാലിക്കണം. സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ നോക്കിയല്ല പൊലീസ് ജനങ്ങളോട് പെരുമാറേണ്ടത്. കുറ്റം ചെയ്ത എല്ലാവരെയും ഒരുപോലെ കാണാന്‍ സാധിക്കണം. തെറ്റ് ചെയ്തവര്‍ക്കെതിരെ ചട്ടപ്രകാരം എല്ലാ നിയമനടപടികളും സ്വീകരിക്കണം. എന്നാല്‍, വൈകൃതമായ നടപടികള്‍ പൊലീസില്‍ നിന്നുണ്ടാകരുതെന്ന് പിണറായി വിജയന് പറഞ്ഞു.
പൊലീസ് സേനയില്‍ ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ ഗൗരവമായി കാണണം. 1957 ലെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ലോക്കപ്പ് മര്‍ദനം അടക്കമുള്ള നടപടികള്‍ അവസാനിപ്പിച്ചതാണ്. എന്നാല്‍, അതെല്ലാം തുടരുന്ന സാഹചര്യം വീണ്ടും വന്നിരിക്കുകയാണ്. സ്വഭാവ വൈകൃതങ്ങള്‍ക്ക് പൊലീസ് അടിമപ്പെടാന്‍ പാടില്ല. പൊലീസിന് ക്രൂരതയുടെ മുഖമാകരുത്. ഔന്നിത്യബോധത്തോടെ വേണം മറ്റുള്ളവരെ സമീപിക്കാന്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കാം. എന്നാല്‍, ലോക്കപ്പ് മര്‍ദനങ്ങളും വൈകൃത രീതികളും തുടരാന്‍ പാടില്ലെന്നും പിണറായി വിജയന് പറഞ്ഞു.