തൊടുപുഴ: വനത്തില്‍ മാത്രം വളരുന്ന അപൂര്‍വ ഔഷധ സസ്യമായ മൂട്ടിപ്പഴം ഇപ്പോള്‍ ഇടുക്കിയിലും. വണ്ണപ്പുറം അമ്പലപ്പടി മലേക്കുടിയില്‍ ബേബി ജോര്‍ജാണ് മൂട്ടിപ്പഴം വ്യാവസായികാടിസ്ഥാനത്തില്‍ വിജയകരമായി ചെയ്യാനാവുമെന്നു തെളിയിക്കുന്നത്.

കൊടുംവനങ്ങളില്‍ മാത്രം സമൃദ്ധമായി വളരുന്ന ഈ മരത്തിന്റെ തൈ 30 വര്‍ഷം മുമ്പ് ഒരു ആദിവാസിയാണ് ബേബിയുടെ ജ്യേഷ്ഠന് നല്‍കിയത്. തുടര്‍ന്നാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. ഇതുവിജയമായതോടെ കൃഷി വ്യാപിപ്പിക്കുകയായിരുന്നു. നിലവില്‍ 150 ഓളം മരങ്ങളാണ് ബേബിയുടെ കൃഷിസ്ഥലത്തുള്ളത്. അതില്‍ ആറു മരങ്ങളാണ് കായ്ക്കുന്നത്. തടിയിലാണ് മൂട്ടിപ്പഴങ്ങൾ ഉണ്ടാകുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.

mootti pazham, idukki, ie malayalam

തൈ നട്ടുകഴിഞ്ഞാല്‍ 4 വര്‍ഷം കൊണ്ട് കായ്ക്കുമെന്നു ബേബി പറയുന്നു. രക്തസമ്മർദം, അമിത കൊളസ്ട്രോള്‍ എന്നിവയ്ക്കു മികച്ചതാണ് മൂട്ടിപ്പഴം. പൂര്‍ണമായും ജൈവ രീതിയിലാണ് മൂട്ടിപ്പഴം പരിപാലിക്കുന്നത്. കേരളത്തിന്റെ തനതായ മൂട്ടിപ്പഴം ആദിവാസികളാണ് പ്രധാനമായും വളര്‍ത്തുന്നത്.
രണ്ടു മാസം മുമ്പ് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധ ഡോ. സി.ആര്‍.എല്‍സി മൂട്ടിപ്പഴമരം പരിശോധിക്കാൻ എത്തി. അപ്പോഴാണ് ഇതിന്റെ തൈ കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാറിന് നൽകാനായി ബേബി കൊടുത്തത്. ഇതോടെ മൂട്ടിപ്പഴ കൃഷി നേരില്‍ കാണാന്‍ മന്ത്രി താൽപര്യം പ്രകടിപ്പിച്ചു. അധിക നാൾ കഴിയും മുൻപ് മൂട്ടിപ്പഴത്തിന്റെ രുചിയറിയാന്‍ ബേബി എബ്രഹാമിന്റെ കൃഷിയിടത്തിൽ മന്ത്രി സുനിൽ കുമാര്‍ നേരിട്ടെത്തി.

mootti pazham, idukki, ie malayalam

തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ വനാന്തരങ്ങളില്‍ വ്യാപകമായി വളരുന്ന മൂട്ടിപ്പഴം വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് ആദ്യമായാണെന്നു മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. ധാരാളം ഔഷധ ഗുണമുള്ളതാണ് ഈ പഴമെന്നു വിവിധ പഠനങ്ങളില്‍ തെളിയിച്ചതിനാല്‍ ഇവയെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും നേര്യമംഗലം ഫാമില്‍ 100 തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook