scorecardresearch
Latest News

സർക്കാർ കാര്യം മുറപോലെ അഥവാ മൂലമ്പിളളി പാക്കേജ് പോലെ

മൂലമ്പിളളി പുനരധിവാസം സർക്കാർ വാക്കിലുറങ്ങുന്നു; ഒരു പ്രദേശത്തെ ജനതയെ വികസനം വഴിയാധാരമാക്കിയതിന്റെ ഒന്പതാം വാർഷികമാണ് ഇന്ന്

സർക്കാർ കാര്യം മുറപോലെ അഥവാ മൂലമ്പിളളി പാക്കേജ് പോലെ

എറണാകുളം: വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവർ ഒന്പത് വർഷം പിന്നിടുമ്പോഴും നീതിക്കായി സർക്കാരിനോട് കേഴുന്നു. മൂന്ന് മുഖ്യമന്ത്രിമാരും, നാല് റവന്യൂ മന്ത്രിമാരും മൂന്നു സർക്കാരുകളും മാറി. എന്നിട്ടും ഈ 316 കുടുംബങ്ങൾക്ക് നൽകിയ പുനരധിവാസ പാക്കേജ് പകുതി പോലും പൂർത്തിയാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല.

വി എസ് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് 2008 ഫെബ്രുവരി ആറിന് കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് 2008 മാർച്ച് 19 നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ ഇതുവരെ ഈ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ മാറി മാറി വന്ന സർക്കാരുകൾ സാധ്യമായിട്ടില്ലെന്ന് മൂലമ്പിളളി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ പറയുന്നു.

വല്ലാർപാടം പദ്ധതിക്കായി ഹൈവേയും റെയിൽവേയും നിർമ്മിക്കാനായ് മൂലമ്പിള്ളി, കടുങ്ങല്ലൂർ, ഇടപ്പള്ളി, ഏലൂർ, മഞ്ഞുമ്മൽ, ഇളമക്കര, വടുതല, കോതാട്, മുളവുകാട് എന്നീ ഏഴിടങ്ങളിൽ നിന്നുമാണ് കുടിയൊഴിപ്പിക്കൽ നടന്നത്. 2008 ഫെബ്രുവരി ആറിനാണ് പൊലീസ് നടപടിയോടെ കുടിയൊഴിപ്പിക്കൽ നടത്തിയത്. ഇതിന്റെ ഭാഗമായി സ്വന്തം മണ്ണിൽ നിന്നും പുറത്താക്കപ്പെട്ടവർ ഇന്നും വീടോ സ്ഥിരം തൊഴിലോ ഇല്ലാത്ത അവസ്ഥയിലാണ് കഴിയുന്നത്. പുനരധിവാസത്തിനായി ഏഴ് സ്ഥലങ്ങൾ കണ്ടെത്തിയതിൽ ആറും ചതുപ്പ് നിലങ്ങളായിരുന്നു. അവിടെ പൈലിങ് നടത്തി വീട് വയ്ക്കാമെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ അവിടെ വീട് നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമാണുളളത്.

316 കുടുംബാംഗങ്ങളിൽ കേവലം 40 കുടുംബങ്ങൾക്ക് മാത്രമാണ് പുനരധിവാസ ഭൂമിയിൽ വീട് വച്ച് താമസിക്കാൻ സാധിച്ചത്. അതിൽ തന്നെ ചിലത് ചരിഞ്ഞു. ചിലതിന് വിള്ളൽ. തുടങ്ങിയ അവസ്ഥയിലാണ് ഇവിടുത്തെ താമസക്കാർ. വാസയോഗ്യമെന്ന് പറയാവുന്ന സ്ഥിതിയിലുള്ള രണ്ട് നില വീട് വയ്ക്കാൻ ഉറപ്പുള്ള ഭൂമി നൽകുമെന്നായിരുന്നു പാക്കേജിലെ ഉറപ്പ്. എന്നാൽ സർക്കാർ നൽകിയ പ്ലോട്ടുകളെല്ലാം കായൽ, കുളം, ചതുപ്പ്, വയൽ എന്നിവ നികത്തിയ ഭൂമിയിലായിരുന്നു. വീട് വച്ചവരുടെ സ്ഥിതി ഇതായിരിക്കെ ബാക്കി കുടുംബങ്ങൾ എങ്ങനെ അവിടെ വീട് വച്ചു താമസിക്കും. ബാക്കിയുളള കുടുംബങ്ങളെല്ലാം വാടക വീടുകളിലും താൽകാലിക ഷെഡുകളിലും ബന്ധുജനങ്ങളുടെ ഔദാര്യത്തിലും കഴിഞ്ഞു കൂടുന്നതെന്ന് കുടിയൊഴിക്കപ്പെട്ടവർ പറയുന്നു.

ശക്തമായ സമരങ്ങളായിരുന്നു കുടിയൊഴിപ്പക്കപ്പെട്ടവർ നടത്തിയത്. മഹേശ്വതാ ദേവി, വി.ആർ.കൃഷ്ണയ്യർ തുടങ്ങിയ നിരവധി പ്രതിഭകൾ ഇടപെട്ടതിനെ തുടർന്നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട പുനരധിവാസ പാക്കേജ് ഇന്നും കടലാസിലാണ്. വീട് നിർമ്മിച്ച് താമസിക്കാൻ കഴിയുന്നതു വരെ 5000 രൂപമാസവാടക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാൾക്ക് വല്ലാർപാടം പദ്ധതിയിൽ ജോലി, ഉപജീവനം നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനം, സർക്കാർ നൽകിയ നഷ്ടപരിഹാര തുകയിൽ നിന്ന് ആദായനികുതി ഈടാക്കില്ല.

അങ്ങനെയായാൽ അതു തിരിച്ചുനൽകൽ തുടങ്ങി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ ഏറെയും ഫയലിൽ മാത്രമാണ് നടപ്പായത്. സർക്കാർ നൽകിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ ധനകാര്യ സ്ഥാപനങ്ങളൊന്നും വായ്പ നൽകുന്നില്ല. 25 വർഷത്തേയ്ക്ക് പട്ടയ ഭൂമി കൈമാറാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഇതിന് കാരണമായി മാറിയത് ഫ്രാൻസിസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Moolappally package kerala government