ന്യൂഡല്‍ഹി: തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം മെയ് 30ന് തന്നെ എത്തുമെന്ന് കാലാവര്‍ഷാ നിരീക്ഷണകേന്ദ്രം. ആന്‍ഡമാന്‍-നിക്കോബാറില്‍ ചില സ്ഥലങ്ങളില്‍ കാലവര്‍ഷം എത്തിയതായി കഴിഞ്ഞയാഴ്ച്ച തന്നെ കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് ദിവസത്തേക്ക് ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍ ശക്തമായ മഴയും ലഭിക്കുമെന്നും പ്രവചനമുണ്ട്.

ഇന്ത്യയുടെ കാര്‍ഷിക രംഗത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ആശ്വാസം നല്‍കി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണഗതിയില്‍ ലഭ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ  കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നല്ല രീതിയില്‍ തന്നെ മഴ ലഭ്യമാകുമെന്നാണ് ഇന്ത്യന്‍ കാലാവാസ്ഥാ വകുപ്പ് മേധാവി കെജെ രമേഷ് വ്യക്തമാക്കിയത്.

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷമെന്ന് പറയുന്നത്. ഈ കാലയളവില്‍ 96 ശതമാനത്തോളം മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

96 മുതല്‍ 104 ശതമാനം വരെയാണ് സാധാരണ ലഭിക്കാറുള്ള മഴയായി കണക്കാക്കാറുള്ളത്. 96 ശതമാനത്തിന് താഴെയാണെങ്കില്‍ സാധാരണയിലും താഴെയായാണ് കണക്കാക്കുന്നത്. 104 മുതല്‍ 110 വരെയാണ് സാധാരണ ലഭിക്കുന്നതിലും കൂടുതലായി കണക്കാക്കുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്‌.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ