കൊച്ചി: കാലവര്‍ഷം മുന്‍നിര്‍ത്തി അണക്കെട്ടുകളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നടത്തിയെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഡാമുകള്‍ തുറക്കേണ്ട സമയത്ത് തുറക്കുകയും അടയ്‌ക്കേണ്ട സമയത്ത് അടയ്ക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കാലവര്‍ഷം മുന്‍നിര്‍ത്തിയുള്ള നടപടിക്രമങ്ങള്‍ കെ.എസ്.ഇ.ബി പൂര്‍ത്തിയാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Read More: ‘വീട്ടില്‍ വന്ന് ശല്യം ചെയ്യരുത് മേലാല്‍’; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മന്ത്രി എം.എം.മണി
കേരളത്തില്‍ വൈദ്യുതി ബോര്‍ഡിന് കീഴില്‍ 52 ഡാമുകളാണ് ആകെ ഉള്ളത്. ഇതില്‍ 12 എണ്ണം മാത്രമേ തുറക്കാന്‍ പറ്റൂ. മറ്റുള്ള ഡാമുകള്‍ക്ക് ഷട്ടറുകളില്ല. അവ വെള്ളം നിറഞ്ഞ് താനേ ഒഴുകി പോകുകയാണ് ചെയ്യുക. ഡാമുകള്‍ എപ്പോള്‍ തുറക്കേണ്ടി വരുമോ അപ്പോള്‍ തുറക്കും. എപ്പോള്‍ അടയ്ക്കണോ അപ്പോള്‍ അടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണങ്ങളെയും മന്ത്രി തള്ളി. ഇടുക്കിയില്‍ പോയി എല്ലാം സൂപ്പറാണെന്ന സര്‍ട്ടിഫിക്കറ്റ് തന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് പറഞ്ഞു. കേരളത്തിലെ മുഴുവന്‍ മനുഷ്യരും കൂടി ഒന്നിച്ചിരുന്ന് പെടുത്താല്‍ പോലും ഇത്രേം വെള്ളം വരുമോ എന്നും മന്ത്രി പരിഹസിച്ചു.
Read More: മനുഷ്യനിർമ്മിതമോ ഈ ദുരന്തം?
കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണങ്ങള്‍ക്ക് ബലമേകി അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് കേരളത്തിലെ ഡാമുകള്‍ തുറന്നതില്‍ വീഴ്ചയുണ്ടായി എന്ന് അമിക്കസ് ക്യൂറി പറയുന്നത്. ഡാം മാനേജുമെന്റില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെന്നും ഇതേ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ ഒരു സമിതി രൂപീകരിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ഇതില്‍ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളില്‍ കോടതിയെ സഹായിക്കാനാണ് അഡ്വ. അലക്സ് പി ജേക്കബ് അധ്യക്ഷനായ ഒരു അമിക്കസ് ക്യൂറിയെ ഡിവിഷന്‍ ബെഞ്ച് നിയമിച്ചത്.
കനത്തമഴ മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറി വിമര്‍ശിക്കുന്നു. ദേശീയ കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ കാര്യമായി എടുത്തില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.