കൊച്ചി: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് നിയന്ത്രിക്കന്നതിന് അടിയന്തര കര്‍മ്മപദ്ധതി തയ്യാറാക്കിയെന്ന് വൈദ്യുതി ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.കേന്ദ്ര ജല കമ്മീഷന്റെ അംഗീകാരത്തോടെയാണ് കര്‍മ്മ പദ്ധതി തയ്യാറാക്കിയത്. ജലനിരപ്പിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടന്നും വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കി. അണക്കെട്ടുകള്‍ തുറക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായാല്‍ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്തായിരിക്കും നടപടികള്‍ സ്വീകരിക്കുക.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് വൈദ്യുത ബോര്‍ഡ് സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.

ഡാം സേഫ്റ്റി ചീഫ് എഞ്ചിനിയര്‍ നോഡല്‍ ഓഫിസറായി പ്രവര്‍ത്തിച്ചുവരുന്നുവെന്നും. വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ജലനിരപ്പ് ദൈനം ദിനം വിശകലനം ചെയ്യുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

Read Also: വീണ്ടും ‘100 കടന്നു’ ആശങ്കയൊഴിയാതെ കേരളം: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടുകളൂം പരിശോധിച്ചു വരുകയാണ്. വിവിധ തലങ്ങളില്‍ വിദഗ്ദ്ധര്‍ യോഗം ചേര്‍ന്നാണ് വിശകലനം നടത്തുന്നത്.

ഇടുക്കിയിലെ ആറ് ജനറേറ്ററുകളില്‍ നാലെണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്. ജൂണ്‍ 30 ഓടെ ഒരു ജനറേറ്റര്‍ കൂടി പ്രവര്‍ത്തനസജ്ജമാവും. ഇടുക്കിയില്‍ 780 മെഗാവാട്ടിന്റെ പുതിയ പവര്‍ ഹൗസ് നിര്‍മ്മിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനായി ആഗോള ടെണ്ടര്‍ ക്ഷണിക്കും.

2018ലെ പ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നതല്ലന്നും അതിവര്‍ഷമാണ് കാരണമായതെന്നും കേന്ദ്ര ജല കമ്മിഷന്റെ റിപ്പോര്‍ട്ടുണ്ട്. 2019 ല്‍ പ്രളയം തടഞ്ഞത് ഡാമുകളില്‍ കൂടുതല്‍ ജലം ശേഖരിക്കാന്‍ കഴിഞ്ഞത് മൂലമാണന്നും വൈദ്യുതി ബോര്‍ഡ് വിശദികരിച്ചു. ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് ബുധനാഴ്ച പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.