കോഴിക്കോട്: സംസ്ഥാനത്ത് പനി അനിയന്ത്രിതമായ വിധത്തിൽ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആതുര സേവന മേഖലയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങളുമായി മന്ത്രി. സർക്കാർർ ആശുപത്രികളിൽ എല്ലാ സമയവും ചികിത്സ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് ഡോക്ടർമാർക്കടക്കം കർശന നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.

അവധികൾ പരമാവധി കുറയ്ക്കാനുള്ള നിർദ്ദേശമാണ് ഒന്നാമത്തേത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ ഡോക്ടർമാരടക്കമുള്ളവർ അവധിയെടുക്കാവൂ. നേരത്തേ ഒപിയിലെത്തുന്ന രോഗികളെ എല്ലാവരെയും പരിശോധിക്കാതെ പോകരുത്. ഒപി സമയം തീരും മുൻപ് ജോലി അവസാനിപ്പിച്ച് പോകരുത്. തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ പനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകർക്ക് നൽകിയ വിശദീകരണത്തിനിടെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരോഗ്യ പ്രവർത്തകർ കൊതുകു നിവാരണത്തിനായി വീടുകൾ തോറും കയറിയിറങ്ങുന്നുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി ഈ സേവനം ആവശ്യമുള്ളവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടു.

ഡോക്ടർമാർ നേരത്തേ ഒ.പി നിർത്തിപ്പോകുന്നതായും തുടർച്ചയായി അവധി എടുക്കുന്നതായും പരാതികളുയർന്ന സാഹചര്യത്തിലാണ് കർശന നിർദ്ദേശം മന്ത്രി നൽകിയത്. അതീവ ഗുരുതരമായ സാഹചര്യത്തിലും ഈപ്രവൃത്തികൾ തുടരുന്നവർ ഇനിയും സർവ്വീസിൽ തുടരേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ബഹുഭൂരിപക്ഷം ഡോക്ടർമാരും പനിക്കാലത്ത് ത്യാഗപൂർണ്ണമായ സേവനമാണ് കാഴ്ചവയ്ക്കുന്നത്.

അടിയന്തിര സാഹചര്യം നേരിടാൻ കൂടുതൽ നഴ്സുമാരെയും ഡോക്ടർമാരെയും സർക്കാർ താത്കാലികമായി നിയമിക്കുന്നുണ്ട്. സർക്കാർ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂർ സേവനം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ