തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ മൺസൂൺ ജൂൺ ഒന്നിന് തന്നെ കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ രണ്ടാം ഘട്ട പ്രവചനമായ എക്സറ്റൻഡഡ് റേഞ്ച് ഫോർകാസ്റ്റിലാണ് (ഇആർഎഫ്) പ്രവചനം. രാജ്യത്ത് ഒരു വർഷം ലഭിക്കുന്ന മഴയുടെ 70 ശതമാനവും നൽകുന്ന ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ സീസൺ കേരളത്തിൽ സാധാരണ എത്തുന്നത് ജൂൺ ഒന്നിനാണ്.
“ഐഎംഡിയുടെ ഇആർഎഫ് പ്രകാരം കേരളത്തിൽ കൃത്യ സമയത്ത്, ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നാണ് കാണുന്നത്. ഇത് ഇപ്പോഴുള്ള നിഗമനമാണ്.” എർത്ത് സയൻസ് മന്ത്രാലയം സെക്രട്ടറി, എം.രാജീവൻ ട്വിറ്ററിൽ കുറിച്ചു.
Read More: അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങൾ ഇനി വാട്സാപ്പിലും അറിയാം
ഇന്ത്യയിലെ അടുത്ത നാല് ആഴ്ചയിലെ കാലാവസ്ഥ പ്രവചനം വ്യാഴാഴ്ചയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പുറത്തു വിട്ടത്. മേയ് 15 ന് കാലാവസ്ഥാ വകുപ്പിന്റെ മൂന്നാം ഘട്ട പ്രവചനം ‘ലോങ് റേഞ്ച് ഫോർകാസ്റ്റ്’ (എൽആർഎഫ്) പ്രസിദ്ധീകരിക്കും.
കഴിഞ്ഞ മാസം ഒന്നാം ഘട്ട പ്രവചനം കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണ മഴയോ, സാധാരണയിൽ കൂടിയ മഴയോ ലഭിക്കുമെന്നായിരുന്നു പ്രവചനം. എൽ-നീനോ പ്രതിഭാസം ഇന്ത്യയിൽ മുഴുവൻ മഴക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നും കൂടുതൽ മഴ നൽകുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.