“ദയാലുവാകുന്ന വെള്ളത്തിന്‍റെ ഹൃദയം
അടിവേരുകളിലേക്കിറങ്ങുന്നു
ആയിരം മുറിപ്പൊറ്റകളെയത്
കരിച്ചുകളയുന്നു.
ഏതു ചുമരുകള്‍, എത്ര ചുമരുകളെയാണ്
നിങ്ങള്‍, വെള്ളത്തിനുചുറ്റും പണിയുന്നത് ?
ഇനി, കുത്തിയൊഴുകുന്ന വെള്ളത്തെ തടയാന്‍
നിങ്ങൾക്ക് സാധിക്കുമോ ? “
(നാംദിയോ ദാസലിന്റെ ‘ജലം’)
പശ്ചിമ തീരത്തെ കടല്‍ പിന്നോട്ടുചാഞ്ഞു, തെക്ക് പടിഞ്ഞാറന്‍ കാറ്റില്‍ കാര്‍മേഘങ്ങള്‍ വന്നില്ല. വലയൊരുക്കിവെച്ച മീന്‍പിടുത്തക്കാര്‍ പട്ടിണിയിലേക്കും പിന്നീട് പലായനങ്ങളിലേക്കും ഊളിയിട്ടു. വിദര്‍ഭയെ തെക്കൊട്ടെടുത്ത വരള്‍ച്ച യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു. വറ്റിയ ജല ഉറവകള്‍, ഉണങ്ങിയ, ആവിപോന്തുന്ന മണ്ണ്, മനുഷ്യര്‍, പലായനങ്ങള്‍. കഥ നീളുകയാണ്, മരണത്തിന്‍റെ മഞ്ചലേന്തിയ ജലം ഉരുവിട്ടൂ.. ദാഹം.. വരള്‍ച്ച.. പലായനം.. ദുരിതം..

ഇന്നത്തെ തലമുറകളറിഞ്ഞ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയിലൂടെയാണ് ഇന്ന് നമ്മുടെ തൊണ്ടയില്‍ കുടുങ്ങി നില്‍ക്കുന്ന ദാഹം. ഉത്തരേന്ത്യ ഏതാനും വര്‍ഷങ്ങളായി വരള്‍ച്ച ഒരു ശീലമാക്കിയിരിക്കുന്നു. എന്നാല്‍ ഇത്തവണ തെന്നിന്ത്യയേയും ജലദൗര്‍ലഭ്യം കൊന്നൊടുക്കുകയാണ്. കേരളവും കര്‍ണാടകവും തമിഴ് നാടും ആന്ധ്രയും തെലങ്കാനയും വരള്‍ച്ചയുടെ പിടിയിലാണ്. പ്രതിവര്‍ഷ ജല ഉപയോഗത്തിന്‍റെ കണക്കില്‍ വെറും 7.5 % ശതമാനം ജലം മാത്രമാണ് വരും മഴക്കാലം വരെ ഉപയോഗിക്കാനായി തമിഴ് നാടിനു ബാക്കിയുള്ളത്. രാജ്യത്തിന്‍റെ മുഴുവന്‍ കണക്കുകളാകട്ടെ 37 ശതമാനത്തിൽ നിൽക്കുന്നു. ഇനിയും കുറഞ്ഞത് ഒരു കാല്‍വര്‍ഷത്തിന്റെ ദൂരം വരും വർഷക്കാലത്തേയ്ക്ക് .
ഇന്ത്യയില്‍ ശുദ്ധജല ലഭ്യതയില്ലാതാവരായുള്ളത് 63 ദശലക്ഷത്തോളം വരുന്ന ജനങ്ങളാണ്. കാലാവസ്ഥാവ്യതിയാനത്തിന്‍റെ കെടുതികള്‍ ഏറ്റവും അനുഭവിക്കുന്ന രാഷ്ട്രങ്ങളിലൊന്നായിട്ടും മുന്‍വിധികളെടുക്കാത്ത, നിസ്സംഗതയുടെ ഉപഹാരം. ഒരുവശത്ത് രാജ്യത്തെ 67 ശതമാനത്തോളം വരുന്ന ഗ്രാമീണരിലെ ഏഴ് ശതമാനത്തോളം വരുന്ന ദരിദ്രർ ശുദ്ധമായ കുടിവെള്ളമില്ലാതെ തൊണ്ടപൊട്ടുമ്പോള്‍ മറുഭാഗത്ത് നഗരപ്രാന്തത്തിലെ ദാരിദ്രക്കൂരകള്‍ കുപ്പിവെള്ളങ്ങളിലേക്കും പഞ്ചനക്ഷത്രനീന്തല്‍ക്കുളങ്ങലിലേക്കും കണ്ണുംനട്ടുകൊണ്ട് വിഷജലം മോന്തിക്കുടിക്കും. ലോകജനസംഖ്യയില്‍ 663 ദശലക്ഷം മനുഷ്യര്‍ ശുദ്ധജലലഭ്യതയില്ലാത്തവരാണ് എന്നും അതില്‍ 522 ദശലക്ഷം പേരെങ്കിലും ഗ്രാമ പ്രദേശങ്ങളില്‍ ജീവിക്കുന്നവരാണ് എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.
ദേശീയ ദുരന്തനിവാരണ മാനേജ്മെന്‍റ് ഏജൻസി നിരീക്ഷണ പ്രകാരം ഒരു വരള്‍ച്ചയെ പ്രകൃതി ദുരന്തമായി നിര്‍വചിക്കുന്ന ചില പ്രധാന ഘടകങ്ങളുണ്ട് :
കൃഷി
വിളവിന്‍റെ ലഭ്യതയില്‍ അനൂഭവപ്പെടുന്ന ഗണ്യമായ കുറവ്, നാശം എന്നിവ ദുരന്തത്തിന്‍റെ ആക്കം സൂചിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇതിനുപുറമേ മത്സ്യബന്ധന- മത്സ്യവിപണനത്തിലുള്ള കുറചിലുകളും കാര്‍ഷികമേഖലയെ പ്രകൃതിദുരന്തം ബാധിച്ചു എന്നതിന്‍റെ സൂചകങ്ങളാണ്. ഇന്ത്യപോലെ 70 ശതമാനം ഗ്രാമീണ മേഖല കാര്‍ഷികവൃത്തി ആശ്രയിച്ചു ജീവിക്കുന്ന രാജ്യത്ത് കാര്‍ഷികമേഖലയിലെ തകര്‍ച്ച വളരെ പ്രത്യക്ഷമായി തന്നെ കാണാന്‍ സാധിക്കുന്നതായിരുന്നു. മഹാനഗരങ്ങളിലേ പുറമ്പോക്കുകളിലേക്കും വളര്‍ന്നുവരുന്ന നഗരങ്ങളുടെ നിര്‍മാണമേഖലയിലേക്കും പറിച്ചു നടേണ്ടി വന്ന ദശലക്ഷക്കണക്കിനു കര്‍ഷകര്‍ വെറും “അന്യസംസ്ഥാന” തൊഴിലാളിയായും സൂക്ഷിക്കേണ്ട ക്രിമിനലുകളായും നമ്മുടെ സാമൂഹ്യ നിര്‍മിതികളില്‍ ഇടംപിടിച്ചപ്പോള്‍ മത്സ്യബന്ധനമേഖലയോടുള്ള തിരസ്കാരം ചെറുകോളങ്ങളില്‍ ഒതുങ്ങുന്ന ‘മത്തി-വരള്‍ച്ച’ എന്ന ഭക്ഷ്യ പ്രതിസന്ധിയിലേക്ക് നമ്മള്‍ ചുരുക്കി. സര്‍ക്കാര്‍തലത്തില്‍ കാര്യപ്പെട്ട സര്‍വ്വേകള്‍ നടന്നിട്ടില്ലെങ്കിലും സ്വകാര്യ-പഠനങ്ങള്‍ പറയുന്നത് പരമ്പരാഗതമായ തൊഴില്‍മേഖലകള്‍ ഉപേക്ഷിച്ചുപോയ ലക്ഷക്കണക്കിനു മത്സ്യ തൊഴിലാളികളുടെയും പാടെ അവഗണിക്കപ്പെടുന്ന ചെറുകിട മത്സ്യവ്യവസായത്തിന്‍റെയും കഥകള്‍ മാത്രമാണ്. അതിലും നമുക്ക് അഭിമാനിക്കതക്കതായി ഒന്നുമില്ല.
ജലസ്രോതസുകളുടെ ദൗര്‍ലഭ്യം
ജലസ്രോതസുകളുടെ കുറവുകള്‍ പറയുമ്പോള്‍ നമ്മള്‍ തുടക്കത്തിലേക്ക് പോവേണ്ടിയിരിക്കുന്നു. ദിലീപ് ചിത്രെയുടെ കവിതയിലേക്ക്, ‘ഗോല്‍പിത’ യിലേക്ക്. ” ഏതു ചുമരുകള്‍, എത്ര ചുമരുകളെയാണ് നിങ്ങള്‍, വെള്ളത്തിനുചുറ്റും പണിയിക്കുന്നത് ? ഇനി, കുത്തിയൊഴുകുന്ന വെള്ളത്തെ തടയാന്‍നിങ്ങൾക്ക് സാധിക്കുമോ ? ”
ഇവിടെ വരികള്‍ പകപോക്കുകയാണ്. മനുഷ്യനിര്മിതികളെക്കാള്‍ വലുതായി ജലത്തെക്കണ്ട മറാട്ടി കവിതയോടു മനുഷ്യര്‍ വെല്ലിട്ടുനോക്കുമ്പോള്‍ കവിത്വത്തിന്‍റെ പകപോക്കല്‍ വരള്‍ച്ചയെ വിളിച്ചുകൂട്ടുന്നു. കുത്തിയൊഴുക്കുന്ന ജലശ്രോതസ്സ്കള്‍ക്ക് മുന്നില്‍ അശാസ്ത്രീയമായ കെട്ടിടങ്ങളും ഡാമുകളും ബഹുവര്‍ണ ജ്യാമതീയനിര്‍മിതികളും കൂനകൂടിയപ്പോള്‍ ഒഴുക്കമറ്റ ജലാശയങ്ങള്‍ നീരറ്റ ഒരുപറ്റം കാലികള്‍ക്കും മനുഷ്യര്‍ക്കും തീരാദാഹത്തിന്‍റെ ശേഷിപ്പുകളായി. മഴ ലഭ്യതയിലെ ഏറ്റമിറക്കങ്ങള്‍ എന്നും നിലനിന്നവതന്നെയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിടെ ഒരേസ്ഥലം ആദ്യം വെള്ളപ്പൊക്കത്തെയും പിന്നീട് വരള്‍ച്ചയേയും അഭിമുഖീകരിക്കാന്‍ പോവുന്നു എന്നിടത്താണ് എത്ര അശാസ്ത്രീയമായ നിലനില്‍പ്പിലേക്കാണ് കമ്പോളം അനുശാസിക്കുന്ന വികസനപരത നമ്മെ എത്തിച്ചിരിക്കുന്നത് എന്നു മനസ്സിലാക്കുവാന്‍.
Read More: കേരളത്തെ എന്തിനാണ് വെയിലത്ത് നിർത്തുന്നത്
അന്തരീക്ഷവിജ്ഞാനീയം
കടല്‍ക്ഷോഭം, ജല ഉപഭോഗം, കാലാവസ്ഥാപ്രവചനങ്ങള്‍, ചുഴലികാറ്റ്, വായൂ ഗുണനിലവാരം, ഭൂകമ്പം തുടങ്ങി പ്രകൃതിയിലുള്ള ഓരോ മാറ്റങ്ങളും പഠനവിധേയമാക്കുകയും മുന്നറിയിപ്പുനല്‍കുകയും ചെയ്യുന്ന ഇന്ത്യന്‍ മെറ്റീരിയലോജിക്കല്‍ വകുപ്പിന്റെയും മറ്റ് പല സ്ഥാപനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളും മുന്നറിയിപ്പും ഓരോ ആഴ്ചകളിലും ദിവസങ്ങളിലുമായി ലഭിക്കുന്നുണ്ട്. മഴയുടെ ദൗര്‍ലഭ്യം എന്നത് വളരെ മാസങ്ങള്‍ക്ക് മുന്നെതന്നെ പ്രവചനങ്ങളായി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളും അതിനനുസൃതമായ കർമപദ്ധതികളും രൂപീകരിക്കുന്നതില്‍ നമ്മള്‍ പാടേ പരാജയപ്പെട്ടുവെന്നാണ് ഇന്നത്തെ അവസ്ഥ വ്യക്തമാക്കുന്നത്.
ഭൂഗര്‍ഭജലലഭ്യത
നദികള്‍ക്കു ചുറ്റും ആദിമ മനുഷ്യര്‍ സമൂഹങ്ങളായി വളര്‍ന്നു സംസ്കാരങ്ങളായി പരിഷ്കരിക്കപ്പെട്ടുകൊണ്ടിരുന്നു. നദികള്‍ക്കു ചാലുകീറിയവര്‍ കാര്‍ഷികവൃത്തി ആരംഭിച്ചു. കൃഷി ജീവിതചര്യയായപ്പോള്‍ അവര്‍ ജലസംഭരണികള്‍ പണിതു തുടങ്ങി. ജലലഭ്യത കുറയുമ്പോള്‍ അവന്‍ ഭൂമിക്കടിയിലെ രഹസ്യങ്ങള്‍ തേടിത്തുടങ്ങി. കുളങ്ങളായും കിണറുകളായും ചിറകളായും ജലത്തിനായുള്ള അവന്‍റെ അന്വേഷണങ്ങള്‍ ഭൂമിക്കടിയിലേക്കും വിന്യസിച്ചു. ജനസംഖ്യക്ക് വിപരീതാനുപാതമായി തന്നെ അവരുടെ അന്വേഷണങ്ങളുടെ വിസ്തീര്‍ണവും കുറഞ്ഞു വന്നപ്പോള്‍ വ്യാവസായിക വിപ്ലവത്തിന്‍റെ ലാഭങ്ങള്‍ അവരെ കുഴല്‍ക്കിണറകളോളം ചുരുക്കി. ജലലഭ്യതക്കായി ഓരോ തവണയും ആഴംകൂട്ടിക്കൊണ്ട് അവര്‍ ഭൂഗര്‍ഭജലം ഊറ്റികൊണ്ടിരുന്നു. അതിന്‍റെ പ്രതിഫലനങ്ങളായി ഭൂചലനങ്ങളും വരള്‍ച്ചയും ദുരന്തങ്ങള്‍ വിതച്ചു.
വരള്‍ച്ചയുടെ ഏറ്റവും ഭീകരമായ അവസ്ഥയാണ് ഭൂഗര്‍ഭജലത്തിലെ വരള്‍ച്ച. കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2016-ല്‍ 69 ശതമാനം കിണറുകളിലും വെളള ലഭ്യതയുടെ കുറവ് സംഭവിച്ചിരിക്കുന്നത്. അതില്‍ 50 ശതമാനത്തില്‍ രണ്ട് മീറ്ററോളം താഴ്ച്ചയും 12ശതമാനത്തില്‍ രണ്ടു മുതല്‍ നാല് മീറ്ററോളം താഴ്ച്ചയും ഏഴ് ശതമാനം കിണറുകളില്‍ നാല് മീറ്ററിനു മുകളില്‍ താഴ്ച്ചയുമാണ് കണക്കാക്കപ്പെട്ടത്. ഇതില്‍ കേരളത്തിന്‍റെ കണക്കെടുത്താല്‍ തീരദേശ മേഖലയടങ്ങിയ കേരളത്തിന്‍റെ 74ശതമാനം മേഖലയിലും രണ്ട് മുതല്‍ 10 മീറ്റർ വരെയുള്ള ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളുടെ കണക്കുകളും ഇതില്‍ നിന്നും വ്യത്യസ്തമല്ല. തമിഴ് നാട് അനുഭവിക്കാന്‍ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയാവും.
ആഘാതം
ഒരു പ്രകൃതികോപം ദേശീയ ദുരന്തമായി കണക്കാക്കുന്നത് അവിടുത്തെ ജനസഞ്ചയത്തെ അത് എത്രത്തോളം ആഘാതം ഏല്‍പ്പിച്ചു എന്ന കണക്കുകള്‍ വച്ചാണ്. ദുരന്തത്തെ പിന്‍പറ്റി നിഷ്കാസിതരാവുന്നവര്‍, ഉപജീവനമാര്‍ഗ്ഗം വഴിമുട്ടുന്നവര്‍, വീടും കൃഷിയും ഉപേക്ഷിച്ച് പലായനം ചെയ്യുന്നവര്‍, മരണം. ഈ കാരണങ്ങളൊക്കെ വിലയിരുത്തുകയാണെങ്കില്‍ നിരന്തരമായ വരള്‍ച്ചയുടെ പിടിയിലാണ് ഇന്ത്യ എന്നു പറയുന്നതില്‍ തെറ്റില്ല. പ്രതിവര്‍ഷം വരള്‍ച്ചയിലായി ലക്ഷക്കണക്കിനു ഇന്ത്യക്കാരാണ് ഇത്തരം ആഘാതങ്ങളിലൂടെ കടന്നുപോവുന്നത്. ഇതിനുപുറമേ സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ, കുട്ടികളിലും സ്ത്രീകളിലുമുള്ള പോഷകാഹാരക്കുറവ് നവജാത ശിശു മരണനിരക്കിലെ വര്‍ദ്ധനവ് തുടങ്ങി ഏതൊരു സമൂഹത്തിന്റെയും ആത്മവീര്യം കെടുത്തുന്ന അനേകം പ്രത്യാഘാതങ്ങള്‍.
നമ്മള്‍ നിരന്തരമായ ഒരു പ്രകൃതി ദുരന്തത്തിലൂടെയാണ് കടന്നുപോവുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ക്കുമീതെയാകാം യാഥാർത്ഥ്യത്തിന്‍റെ ആഴം. വാര്‍ത്തകള്‍ക്കുമപ്പുറമാണ് നാം കാണാതെ പോവുന്ന വസ്തുതകൾ. അത് വിരൽ ചൂണ്ടുന്നത് നമ്മളെ കാത്തിരിക്കുന്നത് കുടിവെള്ള ക്ഷാമം മാത്രമല്ല. ഭക്ഷ്യക്ഷാമവും കൃഷിനാശവും സാമ്പത്തികരക്ഷിതാവസ്ഥയുമൊക്കെയാണ് എന്നതാണ്. ഇത് നമ്മളെ വര്‍ഷങ്ങള്‍ പിന്നോട്ടേക്കാണ് കൊണ്ടുപോവുക.
ഒരിറ്റ് വെള്ളമില്ലാതെ കര്‍ഷകന്‍ വിളയെരിയിക്കുന്ന, കുടങ്ങളുമായി, ഉറുമ്പുകളെപ്പോലെ വരിന്നിന്നു പോവാന്‍ ശീലിച്ച സ്ത്രീകള്‍ നീരുവറ്റി വീഴുന്ന, ഒരു ഉണക്കപുല്ലുപോലും ലഭിക്കാതെ, എല്ലിച്ച കന്നുകാലികൂട്ടങ്ങളെ വിറ്റും ഊർവ്വരതതേടി ഗ്രാമീണര്‍ നാടോടുന്നതായ വരള്‍ച്ച. ഒടുക്കമില്ലാത്ത പലായനങ്ങളുടെ കഥ ചരിത്രത്തിലെ വീരന്മാരാല്‍ ഒളിക്കുമ്പോള്‍ ആരെങ്കിലും ആരായുമോ പലായനം ചെയ്തവരുടെ ശവക്കല്ലറകള്‍ എന്ത് പറയുന്നെന്ന് ?