തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ മൂന്ന് ദിവസമായി വിവിധ ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു തുടങ്ങിയിരുന്നു. കാലവര്‍ഷം തിങ്കളാഴ്ച് എത്തിയെന്ന് സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സിയായ സ്കൈമെറ്റ് അറിയിച്ചിരുന്നെങ്കിലും, കാലാവസ്ഥാ വകുപ്പിന്‍റെ ഒദ്യോഗിക അറിയിപ്പ് പുറത്ത് വന്നത് ഇന്നാണ്.

സാധാരണയേക്കാള്‍ മൂന്ന് ദിവസം നേരത്തെയാണ് ഇത്തവണ കാലവര്‍ഷം എത്തിയത്. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേസമയം യുപി ,ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് 40 പേര്‍ മരണമടഞ്ഞു.

അറേബ്യന്‍ ഉള്‍ക്കടലിന്‍റെ തെക്ക് കിഴക്കന്‍ മേഖലകള്‍, കൊമോറിൻ-മാലിദ്വീപ് മേഖല, ലക്ഷദ്വീപ്, കേരളത്തിലെയും തമിഴ്നാട്ടിലെയും ചില പ്രദേശങ്ങള്‍, ബംഗാളിലെ വടക്കുകിഴക്കൻ മേഖലകള്‍ എന്നിവിടങ്ങളിലാണ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് ശക്തിപ്പെട്ടത്. കേരളത്തിലെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും, കര്‍ണാടക, വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കാലവര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ഒമ്പത് ശതാനം കുറവ് മഴയാണ് കേരളത്തിന് ലഭിച്ചത്. ഈ കാലയളവില്‍ 2039.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തില്‍ ആകെ 1855.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. കൊല്ലത്തും, കോട്ടയത്തും, പത്തനംതിട്ടയിലും മാത്രമാണ് പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ട് ശതമാനം കൂടുതല്‍ മഴ ഈ ജില്ലകളില്‍ ലഭിച്ചു. മറ്റുള്ള ജില്ലകളിലെല്ലാം പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലായിരുന്നു. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ 37 ശതമാനം കുറവ് മഴയായിരുന്നു വയനാട്ടില്‍ ലഭിച്ചത്. കഴിഞ്ഞ തുലാവര്‍ഷത്തിലും പ്രതീക്ഷിച്ചതിന്‍റെ പകുതി മഴ മാത്രമായിരുന്നു വയനാട്ടില്‍ ലഭിച്ചത്. എന്നാല്‍ കാലവര്‍ഷത്തിന് മുമ്പ് പെയ്ത മഴ വയനാട്ടില്‍ പ്രതീക്ഷിച്ചതിലും ഏഴ് ശതമാനം കൂടുതല്‍ ലഭിച്ചിരുന്നു.

ഈ വര്‍ഷത്തെ വേനല്‍ മഴയില്‍ കേരളത്തിന് നല്ല മഴയാണ് ലഭിച്ചത്. 298.4 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്ത് 359.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം കൂടുതല്‍ മഴ സംസ്ഥാനത്ത് ലഭിച്ചപ്പോള്‍, ലക്ഷദ്വീപിന് പ്രതീക്ഷിച്ചതിനേക്കാള്‍ 88 ശതമാനം കൂടുതല്‍ മഴ ലഭിച്ചതായി കണക്കുകള്‍ പറയുന്നു. ഭേദപ്പെട്ട രീതിയില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഇത്തവണ വേനല്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ 56 ശതമാനം കൂടുതല്‍ വേനല്‍ മഴ കോഴിക്കോടിന് ലഭിച്ചു.

കണ്ണൂര്‍, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ്‌, കോട്ടയം, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം കുറവ് കാലവര്‍ഷം ലഭിച്ച വയനാട്ടില്‍ ഇത്തവണ പ്രതീക്ഷിച്ചതിനേക്കാള്‍ 53 ശതമാനം കൂടുതല്‍ വേനല്‍ മഴ ലഭിച്ചു. തൃശ്ശൂരാണ് ഈ വര്‍ഷം ഏറ്റവും കുറവ് വേനല്‍ മഴ ലഭിച്ച ജില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ 18 ശതമാനം കുറവ് മഴയാണ് തൃശ്ശൂരിന് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ