കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോൻസൺ മാവുങ്കലിന്റെ വിദേശയാത്രകളെക്കുറിച്ച് അന്വേഷണം ആവശ്യമാണെന്ന് കേരള ഹൈക്കോടതി. മോൻസൺ പുരാവസ്തു വിൽപ്പനക്കാരനായതിനാൽ യാത്രകൾ ഇതിനു വേണ്ടിയായിരുന്നോ എന്ന് അറിയണമെന്നും കോടതി വ്യക്തമാക്കി.
പൊലീസ് എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റിനു നൽകിയ കത്തിൽ പ്രതിയുടെ വിദേശയാത്രകളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇഡിയെ കോടതി കേസിൽ കക്ഷിചേർത്തു.
മോൺസന്റെ മുൻ ഡ്രൈവർ ഇടുക്കി സ്വദേശി അജിത് പൊലിസുകാരും മോൻസണും
ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊലീസ് പീഡന ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി.
മോൺസനെ മുൻ ഡിജിപി ലോകനാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും പരിചയപ്പെടുത്തിയ അനിതാ പുല്ലയിലിന്റെ പങ്ക് അന്വേഷണത്തിന്റെ പരിധിയിലുണ്ടോയെന്നു കോടതി ആരാഞ്ഞു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതിനാൽ അന്വേഷണം അട്ടിമറിയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നും കേസന്വേഷണത്തിൽ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. അന്വേഷണ വിവരങ്ങൾ മൂടിവെയ്ക്കാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
മോൺസൺ പുരാവസ്തുക്കൾ ആർക്കും വിറ്റിട്ടില്ലെന്നും അതിനാൽ ആ നിലയ്ക്ക് കേസെടുക്കാൻ കഴിയുന്നില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. നിങ്ങൾ എന്തിനാണ് മോൺസണെ ന്യായീകരിക്കുന്നതെന്നും അയാൾക്ക് വക്കീലില്ലേയെന്നും കോടതി പരാമർശിച്ചു.
മോൻസണിന്റെ തട്ടിപ്പിൽ അന്വേഷണം നിർദേശിച്ച് എഡിജിപി മനോജ് എബ്രഹാം എഴുതിയ കത്ത് എവിടെയെന്നും കോടതി ആരാഞ്ഞു. ഇതടക്കം മൂന്നു കത്തുകൾ ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. മുദ്രവച്ച കവറിൽ ഹാജരാക്കിയ രേഖകൾ പരിശോധിച്ച ശേഷമാണ് കത്ത് കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയത്. കേസ് 19-ാം തീയതി പരിഗണിക്കാനായി മാറ്റി.