തിരുവനന്തപുരം: പുരാവസ്തുക്കളുടെ മറവിൽ കോടികൾ തട്ടിയ മോൺസൻ മാവുങ്കലിന്റെ പൊലീസ് ബന്ധമുൾപ്പെടെ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മോൺസന്റെ പൊലീസ് ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പി.ടി.തോമസ് എംഎൽഎ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് മോൺസണുമായി അടുത്ത ബന്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
മോൺസനെതിരെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും നടപടിയെടുക്കാതെ പൊലീസ് സംരക്ഷിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഇന്സ്റലിജൻസ് പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ബെഹ്റയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകിയതെന്ന് മുഖ്യമന്ത്രി മറുപടിയിൽ പറഞ്ഞു.
പുരാവസ്തുക്കള്‍ സൂക്ഷിക്കുന്നുവെന്നു കരുതപ്പെടുന്ന സ്ഥലത്ത് സ്വാഭാവികമായും ആളുകള്‍ സന്ദര്‍ശിക്കുക പതിവാണ്. ആരെല്ലാം സന്ദര്‍ശിച്ചുവെന്നും ആരെല്ലാം അവിടെ ദിവസങ്ങളോളം തങ്ങിയെന്നും ചികിത്സയ്ക്ക് വിധേയമായെന്നും അവകാശപ്പെടുന്നതുമെല്ലാം സഭയ്ക്കു മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കും അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മോൺസൻ മാവുങ്കലിനെ സംബന്ധിച്ച് സെപ്റ്റംബർ ആറിനാണ് സര്‍ക്കാരിന് പരാതി ലഭിച്ചത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും മുന്‍കൂര്‍ ജാമ്യം തേടി രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമത്തെ കോടതിയില്‍ പൊലീസ് പ്രതിരോധിക്കുകയും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ചെമ്പോല വ്യാജമായി ഉണ്ടാക്കി ജനങ്ങളെ കബളിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു എന്ന വാദം വസ്തുതകളുമായി ബന്ധമില്ലാത്തതാണ്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി മോന്സണ് മാവുങ്കല്‍ സൂക്ഷിച്ചുവരുന്ന പുരാവസ്തുകളെ സംബന്ധിച്ച് ഡി.ആര്.ഡി. രേഖകളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോടും ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോടും ഡി.ആര്.ഡി.ഒ യോടും ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: കേരള സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു
അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് കൂടുതല്‍ ഊര്‍ജ്ജിതമായ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മോൺസണെതിരെയുള്ള പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്ല. തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ ഒരു ധാക്ഷിണ്യവുമില്ലാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയ അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയി.