കൊച്ചി: മോണ്സന് മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട ഫേസ് ബുക്ക് പ്രതികരണത്തിൽ മുന്‍ സബ് ജഡ്ജി എസ് സുദീപ് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്ന് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സുദീപ് സമൻസ് കൈപ്പറ്റിയെങ്കിലും ഹാജരായില്ല.
സുദീപിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. ഫേസ് ബുക്ക് പോസ്റ്റുകളെക്കുറിച്ച് പരിശോധിക്കണമെന്നാണു രജിസ്ട്രിയോട് പറഞ്ഞതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
സ്വയം രക്തസാക്ഷിയാവാനാണു സുദീപിന്റെ ശ്രമമെന്നും അതിനു വളംവച്ചു നല്കാന് ആഗ്രഹിക്കുന്നില്ല. സുദീപിനെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. കോടതിക്ക് അതിൽ താൽപ്പര്യമില്ല. നടപടിയെടുത്താൽ അത് പർവതീകരിക്കലാവും. പ്രശസ്തിയാണു ലക്ഷ്യം. അദ്ദേഹത്തിനു 15 മിനിറ്റ് പ്രശസ്തി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
സുദീപ് ഡിസംബര്‍ നാലിനു ഫേസ് ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പാണു കോടതിയുടെ ഇടപെടലിന് ഇടയാക്കിയത്. കുറിപ്പ് കോടതിയേയും ജഡ്ജിയെയും വിമര്‍ശിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി അഭിഭാഷകന് മുഹമ്മദ് ഷാ, മോണ്‍സന്റെ മുൻ ഡ്രൈവർ അജിത് നൽകിയ കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദേവന് രാമചന്ദ്രന്റ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്, ഇന്ന് നേരിട്ടു ഹാജരായി വിശദീകരണം നല്കാന് സുധീപിനോട് കോടതി നിര്‍ദേശിച്ചത്.
Also Read: ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കോടതിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സുദീപിനു താല്‍പ്പര്യമില്ലെന്നു മനസിലാക്കുന്നതായി കോടതി പറഞ്ഞു. കോടതി ഒരവസരം നൽകിയെങ്കിലും സുദീപ് അത് വിനിയോഗിച്ചില്ല. സുദീപ് കോടതിയില്‍ വരാത്തത് ഭീരുവായതിനാലാണ്. കോടതിയെ അഭിമുഖീകരിക്കാൻ തയാറല്ല. ഇതുപോലുള്ള പോസ്റ്റുകൾ കൊണ്ടാണ് സോഷ്യൽ മീഡിയയ്ക്ക് നിയന്ത്രണം വേണ്ടിവരുന്നത്. അതിനോട് കോടതിക്കു യോജിപ്പില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
സുദീപ് വ്യക്തിപരമായി ആക്രമിക്കുന്നതില്‍ വിഷമമില്ല. പക്ഷേ അന്വേഷണം തടസപ്പെടുത്താന്‍ അനുവദിക്കില്ല. എഫ് ബി പോസ്റ്റുകള്‍ വഴി അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ കോടതി ഇടപെടും. ഇതുപോലത്തെ ആളുകളെ തുറന്നുകാട്ടണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
എഫ് ബി പോസ്റ്റുകൾ ചീഫ് ജസ്റ്റിസിനു സമർപ്പിക്കാനും അദ്ദേഹത്തോട് ആലോചിച്ചശേഷം അന്വേഷണം നടത്താനും രജിസ്ട്രിയോട് കോടതി ഉത്തരവിട്ടു. സുദീപിനെതിരായ നടപടികൾ തീർപ്പാക്കി.
Also Read: രഞ്ജിത്ത് വധക്കേസ്: പ്രതികൾ സംസ്ഥാനം വിട്ടെന്ന് എഡിജിപി
മോണ്സണ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റിന്റെ അന്വേഷണവുമായി ക്രൈം ബ്രാഞ്ച് എസ് പി സഹകരിക്കുന്നില്ലെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ആവശ്യപ്പെട്ട വിവരങ്ങളും രേഖകളും നല്‍കിയില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
അതേസമയം, ഇഡിയുടെ വാദം ശരിയല്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സർക്കാരിനുവേണ്ടി ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ( ഡിജിപി) അറിയിച്ചു. മോൺസനെതിരായ 12 കേസില്‍ മൂന്നെണ്ണത്തിൽ കുറ്റപത്രം സമർപ്പിച്ചതായി ഡിജിപി അറിയിച്ചു. മോൺസനുമായുള്ള ഇടപാടുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെയും രാജ്യത്തിനു പുറത്തുനിന്നുള്ള വ്യക്തികളുടെയും പങ്കാളിത്തം പ്രത്യേക സംഘം ഊർജിതമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ബോധിപ്പിച്ചു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ അതൃപ്തിയുണ്ടെന്ന് പറയുന്നില്ലെന്നു കോടതി പറഞ്ഞു. അന്വേഷണം നന്നായി നടക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ കോടതി അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാന്‍ നിര്‍ദേശം നല്കി.