/indian-express-malayalam/media/media_files/uploads/2023/06/K-Sudhakaran.jpg)
കെ.സുധാകരൻ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ കെപിസിസി അധ്യക്ഷനും എംപിയുമായ കെ.സുധാകരന്‍ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് തന്നെ കേസില്‍ പ്രതിചേര്‍ത്തതെന്നാണ് ഹർജിയിലെ ആരോപണം. പണം നഷ്ടപ്പെട്ടവരുടെ ആദ്യ പരാതിയിൽ തന്നെപ്പറ്റി ആരോപണം ഉണ്ടായിരുന്നില്ലെന്നും താൻ ആരെയും വഞ്ചിച്ചിട്ടില്ലെന്നും സമൂഹ മധ്യത്തില്‍ തന്‍റെ പ്രതിഛായ തകര്‍ക്കാൻ ലക്ഷ്യമിട്ടാണ് കേസില്‍ പ്രതി ചേര്‍ത്തതെന്നും ഹർജിയിൽ പറയുന്നു. കേസിൽ ഈ മാസം 23ന് ഹാജരാകാന്‍ സുധാകരന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലാണ് കെ.സുധാകരനെ പ്രതി ചേര്‍ത്തത്. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സനാണ് ഒന്നാംപ്രതി.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി.ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മോന്‍സനെ 2021 സെപ്റ്റംബര്‍ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ.സുധാകരന്‍ എംപി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിച്ചത്. മോൻസൻ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോൻസന്റെ ഡ്രൈവർ അജിത്ത്, ജീവനക്കാരായ ജെയ്‌സൺ, ജോഷി എന്നിവർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.
“പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) രണ്ട് മാസം മുന്‍പ് മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയ, സിനിമാ, പൊലീസ് മേഖലകളിൽനിന്നുള്ളവർക്ക് മോൻസൻ മാവുങ്കൽ പണം നൽകുന്നത് ഞാൻ കണ്ടിട്ടുണ്ട്,” അജിത് മാധ്യമങ്ങളോട് പറഞ്ഞു. ഓരോരുത്തര്‍ക്ക് എത്ര ലക്ഷം രൂപ വീതമാണ് മോന്‍സന്‍ കൈമാറിയതെന്നും അജിത് വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമാ നിർമാതാവ് സാബു ചെറിയാന് 50 ലക്ഷം രൂപ, ഡിഐജി സുരേന്ദ്രന് 15 ലക്ഷം രൂപ, സുധാകരന് 10 ലക്ഷം രൂപ എന്നിങ്ങനെയാണ് പണം നല്‍കിയതെന്നും സുധാകരന് പണം നല്‍കിയത് നേരിട്ട് കണ്ടെന്നും അജിത് പറഞ്ഞു. ഐജി ലക്ഷ്മണയ്ക്കും മുന്‍ ഡിഐജി സുരേന്ദ്രനും മോന്‍സണ്‍ പണം നല്‍കിയിട്ടുണ്ടെന്നും അജിത് അവകാശപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.