/indian-express-malayalam/media/media_files/uploads/2023/06/K-Sudhakaran.jpg)
കെ.സുധാകരൻ
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി. എത്ര ചോദ്യങ്ങൾ ക്രൈംബ്രാഞ്ച് തയ്യാറാക്കിയാലും അതിനെല്ലൊം ഉത്തരം നൽകും. അറസ്റ്റ് ചെയ്യുന്നെങ്കിൽ ചെയ്തോട്ടെ. ഞാൻ ഭയക്കുന്നില്ല. മുൻകൂർ ജാമ്യം കിട്ടിയിട്ടുണ്ട്. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ഏറെ കടമ്പകൾ കടന്ന് വന്ന വ്യക്തിയാണ്. കടൽ താണ്ടിയവനാണ് ഞാൻ, എന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ട. ആരിൽ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് സുധാകരൻ ചോദ്യം ചെയ്യലിന് ഹാജരായത്. ചോദ്യം ചെയ്യലിന് സുധാകരൻ ഹാജരാകണമെന്ന് കോടതി നിർദേശിച്ചിരുന്നു. സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി നിർദേശം. സുധാകരനെ അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ ബോണ്ട് വ്യവസ്ഥയിൽ ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലാണ് കെ.സുധാകരനെ പ്രതി ചേര്‍ത്തത്. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിലാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സനാണ് ഒന്നാംപ്രതി.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി.ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മോന്‍സനെ 2021 സെപ്റ്റംബര്‍ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ.സുധാകരന്‍ എംപി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.