കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കലുമായി അടുത്ത ബന്ധം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതിനു പിന്നാലെ ഐജി ലക്ഷ്മൺ ഗുഗുല്ലോത്തിന് സസ്പെൻഷൻ. മോൺസന്റെ ഇടപാടിന് ഐജി ഇടനിലക്കാരനായെന്ന വിവരങ്ങൾ പുറത്തുവന്നതിനു തൊട്ടു പിന്നാലെയാണ് സസ്പെൻഷൻ. ട്രാഫിക്, ആഭ്യന്തര ചുമതലയുള്ള ഐജിയാണ് ലക്ഷ്മൺ.
മോൺസൺ മാവുങ്കലിനെ ഐജി ലക്ഷ്മൺ വഴിവിട്ടു സഹായിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു . ഐജിക്കെതിരെ നടപടി ശുപാർശ ചെയ്തു കൊണ്ടുള്ള ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. നടപടി മുഖ്യമന്ത്രി അംഗീകരിച്ചു ഫയലിൽ ഒപ്പിട്ടു.
ഇടപാടിനായി ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിയത് ഐജി ലക്ഷ്മൺ ആണെന്നാണ് റിപ്പോർട്ട്. മോൺസന്റെ കയ്യിലുണ്ടായിരുന്ന പുരാവസ്തുകൾ വിൽക്കാൻ പദ്ധതിയിട്ടതായും വിവരമുണ്ട്. ഇവർ തമ്മിൽ നടന്ന വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നു
ഐജിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൊലീസ് ക്ലബ്ബിൽ വച്ച് ഇടനിലക്കാരിയുമായി മോൺസൺ കൂടി കാഴ്ച നടത്തി. ഐജിയുടെ നിർദേശപ്രകാരം മോൺസന്റെ വീട്ടിൽനിന്നു പുരാവസ്തുക്കൾ പൊലീസ് ക്ലബ്ബിൽ എത്തിച്ചതിന്റെയും അവയുടെ ചിത്രങ്ങൾ വാട്സ്ആപ്പ് വഴി കൈമാറിയത്തിന്റെയും തെളിവുകൾ പുറത്തായിട്ടുണ്ട്.
Also Read: ജോജുവിന്റെ കാർ തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്