കൊച്ചി: പുരാവസ്തു വില്പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിനെതിരായ കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഐജിക്ക് കാരണം കാണിക്കല്‍ നോട്ടിസ്. ഐജി ലക്ഷ്മണയ്ക്കാണ് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. കേസിലെ ഐജിയുടെ ഇടപെടല്‍ മനസിലാക്കിയ ഉടന്‍ തന്നെ നോട്ടിസ് നല്‍കിയിരുന്നെന്നും പൊലീസ് വിശദീകരിച്ചു.
2010 ലാണ് ആലപ്പുഴ എസ്പിയില് നിന്ന് ചേര്‍ത്തല സിഐയിലേക്ക് മോന്‍സണിനെതിരായ കേസിന്റെ അന്വേഷണ ചുമതല മാറ്റിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നല്‍കിയത് സോഷ്യല്‍ പൊലീസിന്റെ ചുമതലയുള്ള ഐജി ലക്ഷ്മണയാണ്. തുടര്‍ന്ന് ഒക്ടോബര്‍ 16 നാണ് എഡിജിപി നോട്ടീസ് നല്കിയതും അന്വേഷണം മാറ്റി നല്കിയ നടപടി തിരുത്തിയതും.
മോന്‍സന്റെ തട്ടിപ്പില്‍ മുന്‍ ഡിഐജി എസ്.സുരേന്ദ്രനും പങ്കുണ്ടെന്ന് പരാതിക്കാരില്‍ ഒരാളായ യാക്കൂബ് ആരോപിച്ചു. 25 ലക്ഷം രൂപ മോന്സന് നല്‍കിയത് സുരേന്ദ്രന്റെ വസതിയില്‍ വച്ചാണെന്നാണ് യാക്കൂബിന്റെ പരാതിയില്‍ പറയുന്നത്. സുരേന്ദ്രന് തന്നോട് സംസാരിച്ചതായും യാക്കൂബിന്റെ പരാതിയില്‍ പറയുന്നതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് പുരാവസ്തു വില്പനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ ചേര്‍ത്തല സ്വദേശിയായ മോന്‍സണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയില്‍, അനൂപ്, ഷമീര്‍ തുടങ്ങി ആറ് പേരില്‍ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
അറസ്റ്റിലായ മോന്‍സണിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കസ്റ്റഡിയില്‍ എടുത്ത ശേഷമാകും തെളിവെടുപ്പടക്കമുള്ള നടപടികളുമായി പൊലീസ് മുന്നോട്ട് പോവുക. അതേസമയം, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്, മുന്‍ ഡിജിപി ലോക്നാഥ് ബഹ്റ, നടന് മോഹന്‍ലാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പമുള്ള മോന്‍സണിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു.