കൊച്ചി: കയ്യിൽ നയാപ്പൈസയില്ലെന്ന് പുരാവസ്തു സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചേര്‍ത്തല സ്വദേശി മോൺസണ്‍ മാവുങ്കൽ ക്രൈംബ്രാഞ്ചിന് മൊഴി നൽകി. തട്ടിപ്പിലൂടെ ലഭിച്ച പണമെല്ലാം ധൂർത്തടിച്ചെന്നാണ് മോൺസൺ മൊഴി നൽകിയിരിക്കുന്നത്. തനിക്ക് പാസ്പോർട്ടില്ലെന്നും നൂറോളം രാജ്യങ്ങൾ സന്ദർശിച്ചുവെന്ന് പറഞ്ഞത് കളവാണെന്നും ഇന്ത്യക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോൺസൺ മൊഴി നൽകിയതായാണ് വിവരം.
അതിനിടെ മോൺസനെ മൂന്നു ദിവസേത്തക്കൂടി കോടി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കേസിൽ കൂടുതല്‍ തെളിവുകളും വിവരങ്ങളും ശേഖരിക്കാനുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചതിനെത്തുടർന്നാണിത്.
മോണ്‍സന്‍ ഹാജരാക്കിയിരുന്ന ബാങ്ക് രേഖകള്‍ കൃത്രിമമാണെന്നെന്ന് എച്ച്.എസ്.ബി.സി. ബാങ്ക് അറിയിച്ചതായും കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ ബോധിപ്പിച്ചു. ഫെമ ഇടപാടുമായി ബന്ധപ്പെട്ട് മോണ്‍സൺ ഹാജരാക്കിയിരുന്ന രേഖകളെല്ലാം വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. രേഖകൾ കൃത്രിമമായി നിര്‍മിച്ചെതങ്ങനെ, ആരുടെ സഹായം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ടെന്നതിനാൽ കസ്റ്റഡിയില്‍ വേണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്.
മോൺസനെതിരെ നാലു കേസുകളാണ് ക്രൈം ബ്രാഞ്ച് റജിസ്റ്റര്‍ ചെയ്തിരികകുന്നത്. 10 കോടി രൂപ തട്ടിയെടുത്തെന്ന ആറു പേരുടെ പരാതി, ഭൂമി തട്ടിപ്പിനെക്കുറിച്ച് പാലാ സ്വദേശി രാജീവിന്‍റെ പരാതി, ചാനല്‍ ചെയര്‍മാന്‍ ചമഞ്ഞതിനെക്കുറിച്ച് ‘സംസ്കാര ടിവി’ ഉടമകളുടെ പരാതി എന്നിവ പ്രകാരമാണ് ഈ കേസുകൾ.
അതേസമയം, പരാതിക്കാരിൽനിന്നു പത്തു കോടി രൂപ വാങ്ങിയിട്ടില്ലെന്നാണ് മോൺസൺ മൊഴിനൽകിയിരിക്കുന്നത്. ബാങ്കിലൂടെ തുക കൈപ്പറ്റിയത് സമ്മതിച്ചു. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പുരാവസ്തുക്കൾ വാങ്ങിയെന്നും പള്ളി പെരുന്നാൾ നടത്തിയെന്നും വീട്ടുവാടകയും വൈദ്യുതി ബില്ലായി നൽകിയെന്നും മോൺസൺ പറഞ്ഞതായാണ് വിവരം. സുരക്ഷയ്ക്ക് ഉൾപ്പടെ ശരാശരി മാസ ചെലവ് ഇരുപത്തഞ്ച് ലക്ഷം രൂപ വരുമെന്നും മോൺസൺ മൊഴി നൽകി.
പണം നൽകിയവർക്കെല്ലാം പ്രതിഫലമായി ആഡംബര കാറുകൾ നൽകി. പരാതിക്കാർക്ക് പോർഷെ, ബിഎംഡബ്ള്യു കാറുകൾ നൽകിയെന്നുമാണ് മൊഴി.
അതേസമയം, കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ക്രൈംബ്രാഞ്ച് മേധാവി ഇന്ന് കൊച്ചിയിലെത്തും. ക്രൈംബ്രാഞ്ചും മോട്ടോർ വാഹനവകുപ്പും വനം വകുപ്പും സംയുക്തമായി മോൺസന്റെ കൊച്ചിയിലെയും ചേർത്തലയിലേയും വീടുകളിൽ പരിശോധന നടത്തിയിരുന്നു.
തട്ടിപ്പിന്റെ കൂടുതൽ രേഖകൾ തേടിയായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന. വാഹനവകുപ്പ് മോൺസന്റെ വീടുകളിൽ ഉണ്ടായിരുന്ന ആഡംബര കാറുകളെല്ലാം പരിശോധിച്ചു. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വിവരങ്ങളും മറ്റുമാണ് പരിശോധിച്ചത്. മോൺസന്റെ കലൂരിലെ ഓഫീസിലുണ്ടായിരുന്നത് യഥാർത്ഥ ആനക്കൊമ്പുകളെല്ലെന്ന് വനം വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിരുന്നു. ഇവ ഒട്ടകത്തിന്റെ എല്ലിൽ നിർമിച്ചവയെന്നാണ് കണ്ടെത്തൽ.
Also Read: മാംഗോ മെഡോസിൽ നിക്ഷേപം നടത്താൻ മോൺസൺ സമീപിച്ചു; വെളിപ്പെടുത്തലുമായി എൻ.കെ കുര്യൻ
ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മോൺസനെ ചോദ്യം ചെയ്യുന്നത്. സാമ്പത്തിക സ്രോതസ്, പുരാവസ്തുക്കളുടെ ആധികാരികത എന്നിവ സംബന്ധിച്ചു വ്യക്തത വരുത്താനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. എന്നാൽ ചോദ്യം ചെയ്യലിനോട് മോൺസൺ കാര്യമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.
കേസിലെ പരാതിക്കാരായ യാക്കൂബ്, ഷെമീർ, അനൂപ്, രാജീവ് തുടങ്ങിയവർ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി മൊഴി നൽകിയിരുന്നു. മോൺസന്റെ സഹായികളെയും ജോലിക്കാരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളെ കുറിച്ചോ തട്ടിപ്പിനെക്കുറിച്ചോ അറിയില്ലെന്നാണ് ഇവർ മൊഴി നൽകിയതെന്നാണ് വിവരം.