scorecardresearch
Latest News

ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് 21 ദിവസം നിരീക്ഷണം, പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്; മങ്കിപോക്‌സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. ഇങ്ങനെ

Monkeypox Virus Kerala Symptoms Isolation Treatment: മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സ

Kerala monkeypox cases, Monkeypox in India, kerala monkeypox, monkeypox symptoms, monkeypox treatment, monkeypox explained, indian express

Monkeypox Virus Kerala Symptoms Isolation Treatment: തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണം.

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്.

മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ (ഡിഎസ്ഒ) ഉടന്‍ അറിയിക്കണം. ഇതോടൊപ്പം എന്‍ഐവി പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിളുകള്‍ ശേഖരിക്കണം. ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബില്‍ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും.

ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം. ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാവൂ. ഡിഎസ്ഒയ്ക്ക് ശരിയായ വിവരം നല്‍കി പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം റഫറല്‍ ചെയ്യേണ്ടത്.

മങ്കിപോക്‌സ് സ്ഥിരീകരിച്ച കേസുകള്‍, കേന്ദ്രത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്. മങ്കിപോക്‌സ് ബാധിതരുടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍, സംസ്ഥാന മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെടേണ്ടതാണ്.

രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം. ഡിഎസ്ഒയുടെ നിര്‍ദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ. ഇതോടൊപ്പം ആശുപത്രിയേയും വിവരം അറിയിക്കണം. രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം. രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം. രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം.

എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ ഉണ്ട്. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരില്‍ തെര്‍മ്മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ അവരുടെ ദേഹത്ത് ചുവന്ന പാടുകള്‍ ഉണ്ടോയെന്ന് മെഡിക്കല്‍ സംഘം പരിശോധിക്കും. പാടുകളുണ്ടെങ്കില്‍ ഡിഎസ്ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയില്‍ അവരെ മാറ്റും.

ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ജില്ലാ മാനസികാരോഗ്യ സംഘം ദിവസവും ടെലിഫോണിലൂടെ മാനസിക പിന്തുണ നല്‍കും.

പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം വിലയിരുത്തും. ദിവസവും രണ്ട് നേരം ടെലഫോണിലൂടെ ഇവരെ വിളിച്ചാണ് ഇക്കാര്യം ഉറപ്പ് വരുത്തുന്നത്. മാത്രമല്ല അവരുടെ താപനില ദിവസവും രണ്ട് നേരം സ്വയം രേഖപ്പെടുത്തണം. നിരീക്ഷണ ചുമതലയുള്ള ജെഎച്ച്‌ഐ/ജെപിഎച്ച്എന്‍ അല്ലെങ്കില്‍ ആശവര്‍ക്കര്‍ ഇടയ്ക്കിടെ വീട് സന്ദര്‍ശിക്കണം. അവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പനി ഉണ്ടായാല്‍, അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യുകയും ക്ലിനിക്കല്‍, ലാബ് പരിശോധന നടത്തുകയും വേണം. ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ സാമ്പിളുകള്‍ മങ്കിപോക്‌സ് പരിശോധനയ്ക്ക് അയയ്ക്കണം.

നിരീക്ഷണ കാലയളവില്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. പ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കം പാടില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.

രോഗലക്ഷണങ്ങളില്ലാത്ത സമ്പര്‍ക്കം ഉള്ളവര്‍ രക്തം, കോശങ്ങള്‍, ടിഷ്യു, അവയവങ്ങള്‍, സെമന്‍ എന്നിവ ദാനം ചെയ്യാന്‍ പാടില്ല. മങ്കിപോക്‌സ് ബാധിച്ചവരുമായോ സംശയിക്കുന്നവരുമായോ സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം നിരീക്ഷിക്കണം. രോഗ ലക്ഷണമില്ലെങ്കില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല.

Read More on Monkeypox Outbreak in Kerala

Monkeypox symptoms Treatment: എന്താണ് കുരങ്ങ് വസൂരി അഥവാ മങ്കി പോക്സ്? രോഗപകര്‍ച്ച എപ്രകാരം

Monkeypox symptoms Treatment: തിരുവനന്തപുരം: യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങ് വസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുമായി ആരോഗ്യവകുപ്പ്. മങ്കിപോക്സ് എന്താണെന്നും രോഗവ്യാപനത്തെക്കുറിച്ചും അറിയാം.

What is Monkeypox? എന്താണ് മങ്കിപോക്‌സ്?

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങ് വസൂരി. തീവ്രത കുറവാണെങ്കിലും 1980 ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958 ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒന്‍പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ കുരങ്ങ് വസൂരി ആദ്യമായി കണ്ടെത്തിയത്.

Monkeypox Spread: രോഗ പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് വസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ കുരങ്ങ് വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് കുരങ്ങ് വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് കുരങ്ങ് വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

Monkeypox Symptoms: ലക്ഷണങ്ങള്‍

സാധാരണഗതിയില്‍ കുരങ്ങ് വസൂരിയുടെ ഇന്‍കുബേഷന്‍ കാലയളവ് ആറ് മുതല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് അഞ്ച് മുതല്‍ 21 ദിവസം വരെയാകാം. രണ്ട് മുതല്‍ നാല് ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് 13 ദിവസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകള്‍, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

Monkeypox Treatment: ചികിത്സ

വൈറല്‍ രോഗമായതിനാല്‍ കുരങ്ങ് വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുന്നതിനും, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ തടയുന്നതിനും കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കുരങ്ങ് വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്

Monkeypox Prevention: പ്രതിരോധം

അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങള്‍ എന്നിവയുമായുള്ള സമ്പര്‍ക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.

രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് കുരങ്ങ് വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുന്‍കരുതലുകളെടുക്കണം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Monkeypox virus kerala symptoms isolation treatment