തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലാക്കി. അതേസമയം, രോഗിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കാർ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇ സമയം വൈകുന്നേരം അഞ്ച് മണിക്കുള്ള ഷാര്‍ജ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് (6E 1402, സീറ്റ് നമ്പര്‍ 30 സി) രോഗി എത്തിയത്. വിമാനത്തില്‍ 164 യാത്രക്കാരും ആറ് കാബിന്‍ ക്രൂബുമാണ് ഉണ്ടായിരുന്നത്. അതില്‍ ഇദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേര്‍, യുവാവിന്റെ മാതാപിതാക്കൾ, ഓട്ടോ ഡ്രൈവർ, ടാക്സി ഡ്രൈവർ, ആദ്യം ചികിത്സ തേടിയ കൊല്ലത്തെ ആശുപത്രിയിലെ ഡെർമന്റോളജിസ്റ്റ് എന്നിവർ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലുള്ളവരാണ്.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിലാണ് നിലവിൽ മങ്കിപോക്സ് സ്ഥരീകരിച്ച യുവാവുള്ളത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളുടെ മാതാപിതാക്കളും ഇവിടെ നിരീക്ഷണത്തിലുണ്ട്.
അതിനിടെ, 65 ലേറെ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം കേരളത്തിലുമെത്തിയതോടെ വിമാനത്താവളങ്ങളിൽ അതി ജാഗ്രത പ്രഖ്യാപിച്ചു. രോഗലക്ഷണങ്ങളുള്ള രാജ്യാന്തര യാത്രക്കാർ ഉടൻ സർക്കാർ ആശുപത്രികളിൽ ചികിൽസ തേടണം. 21 ദിവസം വരെ സ്വയം നിരീക്ഷിക്കണമെന്നും നിർദേശമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് രോഗിയുമായി ഫ്‌ളൈറ്റ് കോണ്ടാക്ട് ഉള്ളതിനാല്‍ ആ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്.