scorecardresearch
Latest News

ഇനി കാലതാമസമില്ല, അതിവേഗം രോഗനിര്‍ണയം; സംസ്ഥാനത്ത് മങ്കിപോക്സ് പരിശോധന ആരംഭിച്ചു

ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്

Monkeypox, Health

തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധന ആരംഭിച്ചു. ആലപ്പുഴ എന്‍ഐവിയിലാണ് ആദ്യമായി പരിശോധന നടത്തിയത്. സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ചതോടെ അടിയന്തരമായി എന്‍ഐവി പൂനയില്‍ നിന്നും ടെസ്റ്റ് കിറ്റുകള്‍ എത്തിച്ചാണ് പരിശോധന ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ജില്ലകളില്‍ നിന്നുള്ള സാമ്പിളുകള്‍ എന്‍ഐവി ആലപ്പുഴയിലേക്ക് അയച്ച് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്ത വൈറല്‍ രോഗമായതിനാല്‍ അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശോധന നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ സംവിധാനത്തിലൂടെ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയയ്ക്കുന്നത് മൂലമുള്ള കാലതാമസം ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ 28 ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനാ സൗകര്യമുണ്ട്. കേസുകള്‍ കൂടുകയാണെങ്കില്‍ കൂടുതല്‍ ലാബുകളില്‍ മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവയില്‍ നിന്നുള്ള സ്രവം, ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന കുമിളകളില്‍ നിന്നുള്ള സ്രവം, മൂത്രം, രക്തം തുടങ്ങിയ സാമ്പിളുകള്‍ കോള്‍ഡ് ചെയിന്‍ സംവിധാനത്തോടെയാണ് ലാബില്‍ അയയ്ക്കുന്നത്. ആര്‍.ടിപി.സി.ആര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക വസ്തുവായ ഡി.എന്‍.എ കണ്ടെത്തിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

മങ്കിപോക്‌സിന് രണ്ട് പിസിആര്‍ പരിശോധനകളാണ് നടത്തുന്നത്. ആദ്യം പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസ് കണ്ടുപിടിക്കാനുള്ള ആര്‍ടിപിസിആര്‍ പരിശോധനയാണ് നടത്തുന്നത്. അതിലൂടെ പോക്‌സ് ഗ്രൂപ്പില്‍പ്പെട്ട വൈറസുണ്ടെങ്കില്‍ അതറിയാന്‍ സാധിക്കും. ആദ്യ പരിശോധനയില്‍ പോസിറ്റീവായാല്‍ തുടര്‍ന്ന് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്ന പരിശോധന നടത്തും. ഇതിലൂടെയാണ് മങ്കി പോക്‌സ് സ്ഥിരീകരിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Monkeypox diagnosis started in kerala veena george