വയനാട്: ഏറെ ഗുരുതരമായ കുരങ്ങുപനി വയനാട്ടിൽ ഒരു യുവാവിന് സ്ഥിരീകരിച്ചു. വയനാട്ടിലെ തിരുനെല്ലി സ്വദേശിയായ യുവാവിനാണ് പനി സ്ഥിരീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതരാണ് ഇത് പുറത്തുവിട്ടത്.

ഇതോടെ വയനാട്ടിൽ വനമേഖലയിലേക്ക് പോകുന്നവരോട് ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗങ്ങളിലെ ചെളള് നശിപ്പിക്കാനുളള നടപടികൾ സ്വീകരിക്കാൻ ജില്ല മൃഗസംരക്ഷണ ഓഫീസർ നിർദ്ദേശം നൽകി.

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി,പട്ടുണ്ണി,വട്ടന്‍ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേല്‍ക്കുന്നതിലൂടെ മനുഷ്യരിലേക്കും പകരാം.

രോഗബാധയേറ്റാൽ തലകറക്കവും ഛർദ്ദിയും ഉണ്ടാകും. ഇതിന് പുറമെ കടുത്ത ക്ഷീണവും രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവവും ഉണ്ടാകും. ദേഹം ചൊറിഞ്ഞ് തടിക്കും.

നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റാൽ മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായും സമ്പർക്കം ഒഴിവാക്കിയാൽ രോഗത്തിൽ നിന്ന് രക്ഷ നേടാവുന്നതാണ്. വളര്‍ത്തു മൃഗങ്ങളില്‍ രോഗം പ്രകടമാകുമ്പോള്‍ തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളര്‍ത്തുമൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങള്‍ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ