scorecardresearch

Latest News

വിമാനയാത്രക്കിടെ മോഷണം; ടിക്കാറാം മീണയുടെ 75,000 രൂപ നഷ്‌ടമായി

ജയ്‌പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം

Tikaram Meena, ടിക്കാറാം മീണ, Bogus Vote, കള്ളവോട്ട്

തിരുവനന്തപുരം: വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ 75,000 രൂപ മോഷണം പോയി. ടിക്കാറാം മീണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാഗിൽ സൂക്ഷിച്ചിരുന്ന 75,000 രൂപ മോഷണം പോയെന്ന് കാണിച്ചാണ് ടിക്കാറാം മീണ പൊലീസിൽ പരാതി നൽകിയത്. ജയ്‌പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവം.

ചെക്ക്‌-ഇന്‍-ലഗേജിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയിൽ പറയുന്നത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ജയ്‌പൂരിലേക്ക് പോയതാണ് ടിക്കാറാം മീണ. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്‌തിരുന്നത്.

Read Also: സിനിമാജീവിതം അവസാനിപ്പിക്കാന്‍ രജനികാന്ത്; അവസാനചിത്രം കമലിനൊപ്പം?

സംഭവത്തെ കുറിച്ച് ടിക്കാറാം മീണ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞത് ഇങ്ങനെ: “ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ജയ്‌പൂരിലേക്ക് പോയതാണ്. പോകുമ്പോൾ ഒരു ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. 25,000 രൂപ ചെലവഴിച്ചിരുന്നു.  പെട്ടിക്കുള്ളിൽ ഒരു ബാഗിലാണ്  ബാക്കി  പണം സൂക്ഷിച്ചിരുന്നത്. വിവാഹത്തിൽ പങ്കെടുത്ത് ഫെബ്രുവരി ഒൻപതിനു തിരിച്ചു കേരളത്തിലേക്ക് പുറപ്പെട്ടു. ”

“ഉച്ചയ്‌ക്ക് രണ്ടു മണിയോടെയാണ് ഡൽഹിയിൽ എത്തുന്നത്.  ഡൽഹിയില്‍നിന്നാണ്‌ തിരുവനന്തപുരത്തേക്ക് അടുത്ത വിമാനം കയറിയത്.  ചെക്ക്-ഇൻ ചെയ്യാൻ എത്തിയപ്പോൾ സ്യൂട്ട് കേസ് എടുക്കാൻ സഹായികളുണ്ടായിരുന്നു.  ബാക്കിയുണ്ടായിരുന്ന  രൂപ സ്യൂട്ട് കേസിലുണ്ടായിരുന്നു. സ്യൂട്ട് കേസ് പൂട്ടിയിരുന്നില്ല. ഡൽഹിയിൽ നിന്നു തിരുവനന്തപുരത്ത് എത്തിയപ്പോൾ സ്യൂട്ട് കേസ് പരിശോധിച്ചു. അപ്പോഴാണ് 75,000 രൂപ നഷ്ടമായത് അറിയുന്നത്. പണം സൂക്ഷിച്ചിരുന്ന ബാഗ്‌  സ്യൂട്ട് കേസില്‍  തന്നെയുണ്ടായിരുന്നു. പണം മാത്രമാണ് അതിൽ നിന്നു എടുത്തിരിക്കുന്നത്.”

മോഷണത്തെ കുറിച്ചു എയർ ഇന്ത്യയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ടിക്കാറാം മീണയുടെ പരാതിയിൽ വലിയതുറ പൊലീസാണ് കേസെടുത്തത്. എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Money stolen from teekaram veena election officer kerala