കൊച്ചി: മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണവുമായി വിജിലന്‍സ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
താന്‍ ഡയരക്ടറായ ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടില്‍ നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ നിക്ഷേപിച്ചതും അദ്ദേഹത്തിന്റെ സ്വത്ത് വിവരവും അന്വേഷിക്കണമെന്ന ഹര്‍ജികളിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്. കളമശേരി സ്വദേശി ജി. ഗിരീഷ് ബാബു സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കി.
ഹര്‍ജിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം. വിജിലന്‍സ് എന്‍ഫോഴ്‌സ്‌മെന്റുമായി സഹകരിക്കുകയും ആവശ്യപ്പെടുന്ന എല്ലാ രേഖകള്‍ കൈമാറുകയും വേണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരനു കോടതിയെ സമീപിക്കാം.
പത്രത്തിന്റെ അക്കൗണ്ടില്‍ കൊച്ചിയിലെ മൂന്നു ബാങ്ക് ശാഖകളില്‍നിന്നായി പത്ത് കോടി രൂപ നിക്ഷേപിച്ചെന്നും ഈ പണം പാലാരിവട്ടം പാലം അടക്കമുള്ള നിര്‍മാണപ്രവൃത്തികളില്‍നിന്നു ലഭിച്ച കോഴപ്പണമാണന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഗിരീഷ് ബാബു കോതിയെ സമീപിച്ചത്. എന്‍ഫോഴ്‌സ്‌മെന്റിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് എന്‍ഫോഴ്‌സ്‌മെന്റിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തത്.
ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ ഇബ്രാഹിം കുഞ്ഞിന്റെയും മക്കളുടെയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉപഹര്‍ജിയും സമര്‍പ്പിക്കുകയായിരുന്നു.