Latest News

കള്ളപ്പണ കേസ്: ലീഗിൽ പൊട്ടിത്തെറി; ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക്‌ മുന്നിൽ ഹാജരാവില്ല

അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് തങ്ങൾ ഇഡിയെ അറിയിച്ചു

Muslim league, Chandrika Case, Moieen Ali thangal, Kunjalikutti, Panakkad Hyderali Shihab Thangal, ie malayalam

കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് സംബന്ധിച്ച ആരോപണം മുറുകുന്നതിനിടെ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചിരിക്കെ അദ്ദേഹത്തിന്റെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയീൻ അലി തങ്ങൾ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പരസ്യമായി രംഗത്തു വന്നു.

ചന്ദ്രിക ദിനപത്രത്തിന്‍റെ അക്കൗണ്ടിലൂടെ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചോദ്യം ചെയ്യാന്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചിരുന്നു. അതിനുപിന്നാലെ ലീഗിനെതിരെ ആരോപണങ്ങളുമായി കെ.ടി.ജലീല്‍ എംഎൽഎയും രംഗത്തെത്തിയ സാഹചര്യത്തില്‍ കോഴിക്കോട് ലീഗ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിലാണ് മുയീൻ അലി ആരോപണം ഉന്നയിച്ചത്.

ഹൈദരലി തങ്ങൾക്ക് ഇഡിയുടെ നോട്ടിസ് കിട്ടാൻ കാരണം പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്നാണ് മുയീൻ അലി തങ്ങളുടെ ആരോപണം. കഴിഞ്ഞ നാലു പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തതും പത്രത്തിലെ ഫിനാൻസ് മാനേജറായ സമീറിനെ നിയമിച്ചതും കുഞ്ഞാലിക്കുട്ടിയാണെന്നും തങ്ങൾ പറഞ്ഞു.

പാണക്കാട് കുടുംബത്തിൽ ഇതുവരെ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. രോഗബാധിതനായ തന്റെ പിതാവ് പാണക്കാട് ഹൈദരലി തങ്ങൾ ഇതുമൂലം കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും മുയീൻ അലി പറഞ്ഞു. ചന്ദ്രികയ്ക്ക് വേണ്ടി ഭൂമി വാങ്ങിയതിൽ ഉൾപ്പടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും മുയീൻ അലി ആരോപിച്ചു. അതിനു പിന്നാലെ ലീഗ് പ്രവർത്തകനായ റാഫി പുതിയകടവ് മുയീൻ അലി തങ്ങൾക്കെതിരെ അസഭ്യ വർഷവുമായി വാർത്താസമ്മേളനത്തിലേക്ക് കടന്നു വരികയും ചെയ്തിരുന്നു. കെ.ടി.ജലീൽ എംഎൽഎയുടെ ആരോപണങ്ങൾക്ക് ശക്തിപകരുന്നതായിരുന്നു ഇന്നലെ നടന്ന സംഭവങ്ങൾ.

അതേസമയം, ഹൈദരലി ശിഹാബ് തങ്ങൾ ചോദ്യം ചെയ്യലിനായി ഹാജരാവില്ല. അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് തങ്ങൾ ഇഡിയെ അറിയിച്ചു. എന്നാൽ ഫിനാൻസ് മാനേജരായ സമീർ ഇന്ന് ഇഡിയുടെ കൊച്ചി ഓഫീസിൽ ഹാജരായേക്കും.

പാണക്കാട് കുടുംബം ആദ്യമായാണ് ലീഗ് നേതൃത്വത്തിനെതിരെ രംഗത്ത് വരുന്നത്. ലീഗ് അണികൾ സവിശേഷ സ്ഥാനം കൊടുക്കുന്ന തങ്ങൾ കുടുംബത്തിനെതിരെ ലീഗിൽ നിന്നുമൊരു പ്രതികരണം വരുന്നതും ആദ്യമാണ്. ശത്രുക്കളുടെ കയ്യില്‍ കളിക്കുന്ന ആളുകളുടെ പ്രവൃത്തിയാണ് മുയീൻ അലി ചെയ്‌തതെന്നാണ് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ.സലാം പ്രതികരിച്ചത്. മുയീൻ അലി തങ്ങൾ വാര്‍ത്താസമ്മേളനം നടത്തിയത് പാര്‍ട്ടി അനുമതിയില്ലാതെയാണെന്നും പരസ്യവിമര്‍ശനം പാടില്ലെന്ന ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശം അദ്ദേഹം ലംഘിച്ചെന്നും ആരോപണങ്ങൾ നിഷേധിച്ചു കൊണ്ട് സലാം പറഞ്ഞു.

Also read: കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയത സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

തങ്ങളെ അനുസരിക്കാതിരിക്കുന്നത് പാര്‍ട്ടിയെ അനുസരിക്കാതിരിക്കുന്നതിനു തുല്യമാണ്. അഭിപ്രായസ്വാതന്ത്ര്യം ലീഗിന്റെ അസ്ഥിത്വത്തെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് പോകരുതെന്നും സലാം പറഞ്ഞു. ചന്ദ്രിക മാനേജ്മെന്റിന് ഇഡിയുടെ നോട്ടിസ് ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നോട്ടിസ്. അതിനു മറുപടി നല്‍കുമെന്ന് സലാം പറഞ്ഞു.

മുയീൻ തങ്ങളുടെ ആരോപങ്ങൾ വന്നതിനു പുറകെ പ്രതിപക്ഷ ഉപനേതാവായ കുഞ്ഞാലികുട്ടി മലപ്പുറത്തേക്ക് തിരിച്ചു. നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്ത് ആയിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലെ കെ.എം.ഷാജിയുടെയും ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിന്റെയും തോൽവിയെ തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയുള്ള ഈ പ്രശ്നങ്ങൾ പാർട്ടിയിൽ വലിയ പ്രതിസന്ധിക്ക് ഇടയാക്കിയേക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Money laundering case muslim league under pressure hyder ali thangal will not appear before ed

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express