ബാംഗ്ലൂർ: കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഒരു വർഷക്കാലത്തെ ജയിൽ വാസത്തിനു ശേഷം രാത്രി എട്ട് മണിയോടെയാണ് ബിനീഷ് ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തിറങ്ങിയത്. വ്യാഴാഴ്ചയാണ് കർണാടക ഹൈക്കോടതി ഉപാധികളോടെ ബിനീഷിന് ജാമ്യം അനുവദിച്ചത്.
സത്യം ജയിക്കുമെന്ന് ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ ആയിരുന്നില്ല ഇ.ഡി ഉദ്യോഗസ്ഥർക്ക് അറിയേണ്ടതെന്നും പലരുടെയും പേരുകൾ തന്നെ കൊണ്ട് പറയിക്കാൻ ശ്രമം നടത്തിയെന്നും ബിനീഷ് ആരോപിച്ചു.
ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞത് പോലെ ചെയ്തരുന്നെങ്കിൽ പത്ത് ദിവസത്തിനുളളിൽ പുറത്തിറങ്ങാമായിരുന്നു. അത് ചെയ്യാതിരുന്നത് കൊണ്ടാണ് ജയിൽവാസം നീണ്ടു പോയത്. കേസ് കെട്ടിച്ചമതാണ്. ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയപാർട്ടിയാണ് ഇതിനു പിന്നിൽ എന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളെല്ലാം നാട്ടിലെത്തിയ ശേഷം വിശദമായി പറയാമെന്നും ബിനീഷ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 29നാണു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തത്.
ലഹരി ഇടപാട് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡിയുടെ അന്വേഷണത്തിൽ വ്യക്തമായത്. ഇടപാടിൽ ബിനീഷിന് പങ്കുണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയെന്നും ഇ.ഡി പറഞ്ഞിരുന്നു.