Latest News

സ്ത്രീ പീഡനങ്ങൾ ഇനിയും ഉണ്ടാകും; ജോയ് മാത്യു

നമ്മുടെ രാഷ്ട്രീയ നേതൃത്വം നമ്മൾ സാധാരണക്കാർക്ക്‌ ഉറപ്പ്‌ തരുന്ന സുരക്ഷിതത്വം എന്ന നുണ പൊളിയുന്നെന്നും ജോയ് മാത്യു.

കൊച്ചി: കേരളത്തിൽ സ്ത്രീ പീഡനങ്ങൾ ഇനിയും ഉണ്ടാകുമെന്നും അതിനു കാരണം കുറ്റവാളികളുടെ എണ്ണം കുറയാത്തതാണെന്ന് നടൻ ജോയ് മാത്യു. കഴിഞ്ഞ ദിവസം കേരളത്തിലെ വിവിധ ജയിലുകളിൽ കിടക്കുന്ന 1850 കുറ്റവാളികളെ വിട്ടയക്കാനുള്ള കേരള സർക്കാർ ഗവർണർക്ക് നൽകിയ അപേക്ഷയെ അപലപിച്ചുകൊണ്ടാണ് ജോയ് മാത്യു പ്രതികരിച്ചത്. ഗവർണർ പി.സദാശിവം ഈ നിർദേശം തളളിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ഗവർണറെ ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും അതുകൊണ്ടാണ് ഇത് തളളിയതെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്കിൽ പറഞ്ഞു.

കുറ്റവാളികളെ ഉടൻ പിടികൂടും എന്നു ഭരിക്കുന്നവർ നമുക്കുറപ്പു തരുമ്പോൾ തന്നെ നിങ്ങൾ തെല്ലും ഭയക്കേണ്ടതില്ല എന്ന ഒരുറപ്പ്‌ കുറ്റവാളികൾക്കും നൽകുന്നതിനെ എന്താണ് പറയുകയെന്നും ജോയ് മാത്യു ചോദിക്കുന്നു. നമ്മുടെ രാഷ്ട്രീയ നേതൃത്വം നമ്മൾ സാധാരണക്കാർക്ക്‌ ഉറപ്പ്‌ തരുന്ന സുരക്ഷിതത്വം എന്ന നുണ പൊളിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പ്രമുഖ ദേശീയ മാധ്യമത്തിൽ വന്ന വാർത്തയെ ഉദ്ധരിച്ചാണ് ജോയ് മാത്യു പറഞ്ഞത്.

കൊച്ചിയിൽ മലയാളി നടിയെ നേരെ ഗുണ്ടകൾ ആക്രമിച്ചതിനു പിന്നാലെ മലയാള സിനിമാലോകം നടിക്ക് പിന്തുണ അറിയിക്കുകയാണ്. അപമാനിക്കപ്പെട്ട സ്ത്രീത്വത്തിനുവേണ്ടി പോരാടാൻ തീരുമാനിച്ച സഹപ്രവർത്തകയ്‌ക്ക്‌ തന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സ്ത്രീ പീഡനങ്ങൾ ഇനിയും ഉണ്ടാകും, കാരണം കുറ്റവാളികൾക്ക്‌ ഇനി യാതൊരു കുറവുമുണ്ടാകില്ല. സഹപ്രവർത്തകയെ ശാരീരികമായി നഗരമദ്ധ്യേ ആക്രമിച്ചത്‌ വലിയ വാർത്തയായി. കാരണം ഇവിടെ ഇര ഒരു ചലച്ചിത്ര നടിയാണു എന്നതാണു. എന്നാൽ ഇങ്ങിനെ പ്രശസ്തരല്ലാത്ത സ്ത്രീകൾക്ക്‌ നേരെ എത്രയോ ആക്രമണങ്ങളും പീഡനങ്ങളും ദിനം പ്രതി നമ്മുടെ നാട്ടിൽ
അരങ്ങേറുന്നുണ്ട്‌- ഇതിൽ തെല്ലും അത്ഭുതപ്പേടേണ്ടതില്ല എന്നതാണു അതേ ദിവസത്തെ Times of India പത്രം കൊച്ചിൻ എഡിഷനിൽ വന്ന വാർത്ത നമ്മളോട്‌ പറയുന്നത്‌. വാർത്ത ഇതാണൂ:

“കേരളത്തിലെ വിവിധ ജയിലുകളിൽ കിടക്കുന്ന 1850 കുറ്റവാളികളെ വിട്ടയക്കാനുള്ള കേരള ഗവർമെന്ററിന്റെ അപേക്ഷ ബഹുമാനപ്പെട്ട കേരള ഗവർണർ പി.സദാശിവം ഒപ്പു വെക്കാതെ തിരിച്ചയച്ചു. ബലാൽസംഗം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങൾ, മയക്ക് മരുന്നു കേസുമായി ബന്ധപ്പെട്ട്‌ ശിക്ഷിക്കപ്പെട്ടവർ ,വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ടവർ കൂടാതെ ഭരിക്കുന്ന പാർട്ടിയിലുള്ളവരും വിവിധകേസുകളിലായി ശിക്ഷിക്കപ്പെട്ട്‌ ഇപ്പോൾ ജയിലിൽ കഴിയുന്നവരും ,ഈ വിടുതൽ ലിസ്റ്റിൽ ഉണ്ടെന്ന് Times of India പത്രം റിപ്പോർട്ട്‌ ചെയ്യുന്നു.

ലിസ്റ്റിലുള്ള പലരെയും വിട്ടയച്ചാൽ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകും എന്നു കണ്ടാണ് ഒരു മാസം മുബ് കേരള ആഭ്യന്തര വകുപ്പ് തയ്യാറാക്കി കാബിനറ്റ്‌ കൂടി പാസാക്കിയതുമായ ഈ ഫയൽ ഗവർണർ തിരിച്ചയച്ചത് . ഇങ്ങിനെയുള്ള ഒരു ലിസ്റ്റിനു നിയമകാര്യ സിക്രട്ടറിയുടെ അംഗീകാരം വേണമെന്നിരിക്കെ അതില്ലാതെയാണ് ഈ ഫയൽ ഗവർണ്ണർക്ക്‌ അയച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു.സാധാരണയായി കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പല്ലുകൊഴിഞ്ഞതോ കറവ വറ്റിയതോ ആയ ഒരാളെ ഏതെങ്കിലും സംസ്ഥാന ഗവർണ്ണറാക്കി അയച്ച് അയാളെ കൊണ്ടുള്ള ശല്യം അവസാനിപ്പിക്കുകയാണ് പതിവ് .എന്നാൽ നീതിയെയും നിയമത്തെയും പറ്റി വകതിരിവുള്ള മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസുകൂടിയായിരുന്ന ഒരാളെയാണു കേരളത്തിന് ലഭിച്ചത്‌ എന്നത് നമ്മുടെ ഭാഗ്യം .

ഇവിടെയാണു നമ്മുടെ രാഷ്ട്രീയ നേത്രുത്വം നമ്മൾ സാധാരണക്കാർക്ക്‌ ഉറപ്പ്‌ തരുന്ന സുരക്ഷിതത്വം എന്ന നുണ പൊളിയുന്നത്‌- കുറ്റവാളികളെ ഉടൻ പിടികൂടും എന്നു ഭരിക്കുന്നവർ നമുക്കുറപ്പു തരുമ്പോൾ തന്നെ “നിങ്ങൾ തെല്ലും ഭയക്കേണ്ടതില്ല “എന്ന് ഒരു ഉറപ്പ്‌ കുറ്റവാളികൾക്കും നൽകുന്നതിനെ എന്താണൂ പറയുക!

അല്ലെങ്കിൽ ഗവർമ്മെന്റ്‌ വെറുതെ വിടുന്ന തടവ്‌ പുള്ളികളുടെ പേരും അവർ ചെയ്ത കുറ്റക്രുത്യത്തിന്റെ സ്വഭാവവും എന്ത് കൊണ്ട്‌ അവരെ വെറുതെ വിടുന്നു എന്നും പൊതുജനങളെ അറിയിക്കാനുള്ള ബാധ്യത സർക്കാർ കാണിക്കട്ടെ (ഇതും വിവരവകാശം തന്നെ). കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിൽ ഇന്നാട്ടിലെ സ്ത്രീകൾക്ക്‌ എന്ത്‌ സുരക്ഷയാണുള്ളത്‌?

അപമാനിക്കപ്പെട്ട സ്ത്രീത്വത്തിനുവേണ്ടി പോരാടാൻ തീരുമാനിച്ച സഹപ്രവർത്തകക്ക്‌ എന്റെ പൂർണ്ണ പിന്തുണ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Molestation cases will repeat joy mathew on actress attack

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express