കൊച്ചി: ഗാര്‍ഹികപീഡനത്തെത്തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം കൂടുതല്‍ കടുക്കുന്നു. ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച, മോഫിയയുടെ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്തല പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയ ഇവരെ പിന്നീട് വിട്ടയച്ചു.
എറണാകുളം റൂറല്‍ എസ്പിക്കു പരാതി നല്‍കാനായി നാലുപേരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിദ്യാര്‍ഥിനികള്‍ പറയുന്നത്. അതേസമയം, എസ്പി ഓഫിസിലേയ്ക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണു വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
എടത്തല പൊലീസ് സ്റ്റേഷനിലേക്കു മാറ്റിയ വിദ്യാര്‍ഥികൾ പൊലീസിനെതിരായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടർന്നു. വിദ്യാര്‍ഥികളെ കളമശേരി പൊലീസ് ക്യാമ്പിലേയ്ക്കു കൊണ്ടുപോകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
Also Read: മോഫിയ കേസ്: കോൺഗ്രസ് എസ് പി ഓഫീസ് മാർച്ചിൽ സംഘർഷം, കണ്ണീർവാതകം പ്രയോഗിച്ചു
ആരോപണ വിധേയനായ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്പി ഓഫീസിലേക്ക് ഇന്നു കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. പൊലീസിനു നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചു. അതോടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രവര്‍ത്തകര്‍ വീണ്ടും കൂട്ടത്തോടെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹൈബി ഈഡന്‍ എംപി, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
സിഐയെ സര്‍വീസില്‍ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു ബെന്നി ബെഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ നടക്കുന്ന ഉപരോധത്തിനു പിന്തുണ അറിയിച്ച് മോഫിയയുടെ ഉമ്മ രാവിലെ എത്തിയിരുന്നു.
മോഫിയയോട് മോശമായി പെരുമാറിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിഐയെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്കാണു സ്ഥലംമാറ്റിയത്. എന്നാല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യുന്നത് വരെ സമരം തുടരുമെന്നാണ് കോണ്‍ഗ്രസ് നിലപാട്. സിഐക്കെതിരെ നടപടി വേണമെന്നു മോഫിയ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു.