പുല്‍വാമയിലെ ഭീകരാക്രമണത്തിന്റേയും കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തിന്റേയും പശ്ചാത്തലത്തില്‍ തന്റെ ബ്ലോഗിലൂടെ നിലപാട് വ്യക്തമാക്കി മോഹന്‍ലാല്‍. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു നാം ജീവിക്കുന്നു എന്ന പേരിലാണ് താരത്തിന്റെ ബ്ലോഗ്. രണ്ട് സംഭവങ്ങളേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ എഴുത്ത്.
കുറേയായി എഴുതിയിട്ടെങ്കിലും പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പൊലിഞ്ഞു പോയ ധീരജവാന്മാരുടെ വേണ്ടപ്പെട്ടവരുടെ വേദനകളും തേങ്ങലുകളുമാണ് ഇപ്പോള്‍ എഴുതാന്‍ വീണ്ടും പ്രേരിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു.
”ആ വീര ജവാന്മാര് പോയ വഴിയിലൂടെ ഒന്നിലധികം തവണ താന്‍ കടന്നു പോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന് ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്” മോഹല്‍ ലാല്‍ പറയുന്നു.
താന്‍ മരിച്ചാലും തന്റെ രാജ്യം സമാധാനമായി ഉറങ്ങണം, സുരക്ഷിതമാകണം എന്നാണ് ഓരോ ജവാനും കരുതുന്നതെന്നും ഈ ജന്മകടത്തിന് മുന്നില്‍ താന്‍ സാഷ്ടാംഗം പ്രണമിക്കുന്നുവെന്നും താരം കുറിക്കുന്നു. നിങ്ങള്‍ മരിച്ചു കൊണ്ടേയിരിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്നു, നിസാര കാര്യങ്ങള്‍ക്ക് കലഹിച്ചു കൊണ്ട് നിര്ത്ഥക മോഹങ്ങളില്‍ മുഴുകികൊണ്ടെന്നും അദ്ദേഹം പറയുന്നു.
രാജ്യത്തിന്റെ വടക്കുഭാഗത്ത് ജവാന്മാര് കൊല്ലപ്പെടുമ്പോള്‍ നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ. ജവാന്മാര് രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്ക്കാരായിരുന്നു. നമുക്കിടയിലുള്ള ഭീകരരെ ഒറ്റപ്പെടുത്താനും തള്ളിക്കളയാനും ശ്രമിക്കണം ആരായിരുന്നാലും ശരി സഹായിക്കാതിരിക്കാനും ശ്രമിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.