കണ്ണൂർ: മോഹൻലാലിന്റെ ‘വില്ലൻ’ സിനിമ മൊബൈലിൽ പകർത്തിയ യുവാവ് പിടിയിൽ. മലയോരമേഖലയായ ചെമ്പന്തൊട്ടിയിൽ നിന്നുള്ള 33 കാരനായ വർക്ഷോപ് ജീവനക്കാരനാണ് പിടിയിലായത്. മോഹൻലാലിന്റെ കടുത്ത ആരാധകനാണ് യുവാവ്. രാവിലെ എട്ടിനു കണ്ണൂർ സവിത തിയേറ്ററിൽ ഫാൻസ് ഷോ ഏർപ്പാടാക്കിയിരുന്നു. നാനൂറോളം സീറ്റുള്ള തിയേറ്ററിലെ എല്ലാ ടിക്കറ്റുകളും ഫാൻസുകാർ മുൻകൂട്ടി വാങ്ങിയാണു പ്രദർശനമൊരുക്കിയത്. ഇതിനായി ചെമ്പന്തൊട്ടിയിൽ നിന്നു പുലർച്ചെ പുറപ്പെട്ട് യുവാവ് നഗരത്തിലെ തിയേറ്ററിലെത്തി.
സിനിമയിലെ സ്റ്റണ്ട് രംഗങ്ങൾ കണ്ട് ആവേശം മൂത്തപ്പോൾ മൊബൈലിൽ പകർത്താൻ തുടങ്ങി. പടം വിതരണം ചെയ്യുന്ന മാക്സ് ലാബിന്റെ പ്രതിനിധി ഇതു കണ്ടു. ഉടൻതന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി യുവാവിനെ പിടികൂടുകയും ചെയ്തു. ആരാധനയും ആവേശവും മൂത്താണ് മൊബൈലിൽ രംഗങ്ങൾ പകർത്താൻ ശ്രമിച്ചതെന്നും, പടം ചോർത്താനോ വ്യാജപകർപ്പുണ്ടാക്കാനോ ഒന്നും യുവാവിനു പരിപാടിയുണ്ടായിരുന്നില്ലെന്നുമാണു പൊലീസിന്റെ നിഗമനം.