കൊച്ചി: ഷൂട്ടിങ് കഴിഞ്ഞ് രാത്രി മടങ്ങുകയായിരുന്ന മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അക്രമം നടത്തിയതിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍ രംഗത്ത്. ഒരു സ്ത്രീയ്ക്ക് എതിരായി നടന്ന അതിക്രമം നിര്‍ഭാഗ്യകരമായിപ്പോയെന്ന് അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മൃഗങ്ങളേക്കാള്‍ വൃത്തിക്കെട്ട ഇത്തരം ആള്‍ക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ തന്നെ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. മൃഗത്തിന്റെ ഗണത്തില്‍ പോലും പെടുത്താന്‍ പറ്റാത്ത ഇത്തരം ചിന്താഗതി ഉള്ളവര്‍ക്ക് ഒരു പാഠമാകണം ഇവര്‍ക്കുള്ള ശിക്ഷ. കേവലമായ സഹാനുഭൂതി കാണിക്കുകയല്ല വേണ്ടതെന്നും ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഹൃദയം നടിക്കൊപ്പം നിലകൊള്ളുന്നതായും യാതൊരു താമസവും കൂടാതെ നീതി നടപ്പിലാവട്ടേയെന്നും മോഹന്‍ലാല്‍ കുറിച്ചു.

ചലച്ചിത്ര നടിയെ അപമാനിക്കാന്‍ ശ്രമിച്ച വിഷയത്തില്‍ മോഹന്‍ലാല്‍ അടക്കമുള്ളവരുടെ മൗനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് പ്രതികരണവുമായി മോഹന്‍ലാലെത്തിയത്.
ഇതിനോടകം പല രാഷ്ട്രീയ – സിനിമാ താരങ്ങളും സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. പൊതു കാര്യങ്ങളോടെല്ലാം ഫേസ്ബുക്കിലൂടെ പ്രതികരിയ്ക്കുന്ന ജനപ്രിയ നടന്‍ ഈ വിഷയത്തില്‍ പ്രതികരിക്കാത്തതിന് കാരണം വ്യക്തിപരമാണെന്നാണ് പാപ്പരാസികള്‍ക്കിടയിലെ സംസാരം. പ്രമുഖ ജനപ്രിയ നടനും ഈ നടിയും തമ്മില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളുണ്ടെന്നും ഈ നടിയുടെ അവസരങ്ങള്‍ അയാള്‍ ഇടപെട്ട് ഇല്ലാതാക്കുന്നതായും ചില വാര്‍ത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

കാലിക പ്രശ്‌നങ്ങള്‍ എന്നും ബ്ലോഗ് എഴുത്തിന് വിഷയമാക്കുന്ന മോഹന്‍ലാല്‍ എന്തുകൊണ്ട് നടിയെ ആക്രമിച്ച സംഭവിത്തില്‍ മിണ്ടുന്നില്ല എന്നും നവമാധ്യമങ്ങളില്‍ ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ലാലിന്റെ പ്രതികരണം.

സിനിമാ സമരം വന്നപ്പോഴും, കമലിനെ ദേശീയ ഗാനത്തിന്റെ പേരില്‍ ആക്രമിച്ചപ്പോഴും ലാലിന്റെ മൗനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച വിഷയത്തില്‍ പ്രതികരിക്കാത്ത മമ്മൂട്ടിക്കെതിരെയും ചോദ്യം ഉയര്‍ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ