ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയുമായി സഹകരിക്കുന്നതിനായി ക്ഷണിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അയച്ച കത്തിന് മോഹന്‍ലാലിന്റെ മറുപടി. ഉത്തരവാദിത്വമുളള ഒരു പൗരനെന്ന നിലയില്‍ രാജ്യത്തെ കുറിച്ച് നമ്മള്‍ അഭിമാനം കൊളളണമെന്ന് മോഹന്‍ലാല്‍ പറയുന്നു.

“രാജ്യത്തെ നമ്മുടെ വീടായി കണക്കാക്കണം. നമ്മള്‍ നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കണം. അപ്പോള്‍ മാത്രമാണ് നമ്മുടെ അതിഥികള്‍ (മറ്റ് രാജ്യത്ത് നിന്നും വരുന്നവര്‍) സന്തോഷത്തോടെ നമ്മുടെ കൂടെ ഉണ്ടാവുകയുളളു. നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കാന്‍ രാഷ്ട്രപിതാവിന്റെ ജന്മദിനത്തേക്കാള്‍ ഉചിതമായൊരു ദിവസം വേറെയില്ല. നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുകയാണെങ്കില്‍ ഈ ദീപാവലിക്ക് നമ്മുടെ വീടുകള്‍ കൂടുതല്‍ പ്രകാശിക്കുമെന്ന് ഞാന്‍ പറയുന്നു. ‘സ്വച്ഛത ഹി സേവ’യെ ഞാന്‍ പിന്തുണയ്ക്കുകയും സ്വയം അര്‍പ്പിക്കുകയും ചെയ്യുന്നു”, മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശുചിത്വ സന്ദേശം രാജ്യമൊട്ടുക്ക് എത്തിക്കുക എന്ന ആഹ്വാനവുമായിട്ടാണ് രണ്ടാഴ്ച നീളുന്ന സ്വച്ഛ്ത ഹി സേവ പ്രചാരണ പരിപാടി നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രചാരപരിപാടികളും ക്യാംപെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മോദി മോഹന്‍ലാലിനും കത്തയച്ചത്. മഹാത്മാ ഗാന്ധിയുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വിഷയമായ ശുചിത്വത്ത കുറിച്ച് സംസാരിക്കാനാണെന്ന് പറഞ്ഞു കൊണ്ടാണ് മോദി മോഹന്‍ലാലിന് കത്തെഴുതിയത്.

“സമൂഹത്തിൽ വലിയ തോതിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന മാധ്യമമാണ് സിനിമ. ജനങ്ങൾ സ്വീകരിച്ച നടനെന്ന നിലയിൽ സമൂഹത്തിൽ വലിയൊരു പ്രതിഫലനം സൃഷ്ടിക്കാൻ താങ്കൾക്ക് കഴിയും. താങ്കളുടെ പങ്കാളിത്തം കൊണ്ട് സ്വച്ഛ് ഭാരത് പദ്ധതിക്ക് വലിയ നേട്ടം ഉണ്ടാക്കാനാവും. അതിനാൽ,​ വ്യക്തിപരമായി ഈ പദ്ധതിക്ക് പിന്തുണ പ്രഖ്യപിക്കാൻ ഞാൻ താങ്കളോട് ആവശ്യപ്പെടുകയാണ്. താങ്കൾ ഇതിന്റെ ഭാഗമാകുന്നതിലൂടെ കൂടുതൽ ചെറുപ്പക്കാരും ജനങ്ങളും സ്വച്ഛ ഭാരത് പദ്ധതിയിലേക്ക് ആകർഷിക്കപ്പെടു. അതിനാൽ ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ താങ്കൾ തയ്യാറാകണം. നരേന്ദ്ര മോദി എന്ന മൊബൈൽ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് മോദി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ