Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

‘അമ്മ’ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പാര്‍വ്വതിയെ വിലക്കിയിട്ടില്ല: മോഹന്‍ലാല്‍

പാര്‍വ്വതിയ്ക്ക് പറയാമായിരുന്നില്ലേ? ഇനിയും പറയാമല്ലോ? ഭാരവാഹിത്വത്തിലേക്ക് അവരെ ചേര്‍ക്കുന്നതിനോട് ഇപ്പോഴും ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല

Mohanlal and Parvathy
Mohanlal and Parvathy

കൊച്ചി: മലയാളസിനിമയിലെ നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ (അടുത്ത മൂന്നു വര്‍ഷത്തേക്ക് വേണ്ടി ഈ ജൂണില്‍ നടന്ന) തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും നടി പാര്‍വ്വതി തിരുവോത്തിനെ ആരും വിലക്കിയിട്ടില്ല എന്ന് നടനും ‘അമ്മ’യുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. ‘അമ്മ’യിലേക്കുള്ള ദിലീപിന്റെ പുനഃപ്രവേശനം സംബന്ധിച്ച് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമ്മ’ അംഗങ്ങളില്‍ പകുതിയോളം സ്ത്രീകളാണ് എന്നും ഭാരവാഹിത്വത്തിലേക്ക് സ്ത്രീകള്‍ വരുന്നതിനോട് സംഘടനയ്ക്ക് ഒരു എതിര്‍പ്പും ഇല്ല എന്ന് പറഞ്ഞു തുടങ്ങിയ മോഹന്‍ലാല്‍ സ്ത്രീകള്‍ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാന്‍ തയ്യാറാകാത്തതാണ് അതിനു കാരണം എന്നും വിശദീകരിച്ചു.

“പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിളിച്ചാല്‍ സ്ത്രീകള്‍ വരില്ല. ഈ ഡബ്ല്യൂസിസി എന്ന സംഘടനയിയുള്ള കുട്ടികള്‍ ‘അമ്മ’യിലും ഉണ്ട്. അവര്‍ക്ക് മത്സരിക്കാമായിരുന്നു. അവര്‍ക്ക് ധൈര്യപൂര്‍വ്വം വന്നു പറയാമായിരുന്നു.”

നടി പാര്‍വ്വതി തിരുവോത്ത് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചുവെന്നും പാര്‍വ്വതി എഴുതിയ ലേഖനത്തിൽ ആരോപിച്ചിരുന്നു ഇതിനെ കുറിച്ചുളള ചോദ്യത്തിന്  മോഹന്‍ലാല്‍ പറഞ്ഞ മറുപടി ഇങ്ങനെ.

“ആരു തടഞ്ഞു? പാര്‍വ്വതിക്ക്  ജനറല്‍ ബോഡിയില്‍ വന്നിട്ട് പറയാമായിരുന്നല്ലോ, ഞാന്‍ നോമിനേഷന്‍ കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇങ്ങനെ സംഭവിച്ചു എന്ന്.  ഈ തിരഞ്ഞെടുപ്പില്‍ത്തന്നെ,  ഉണ്ണി ശിവപാല്‍ എന്നൊരു അംഗം വന്നു പറഞ്ഞു, എനിക്ക് മത്സരിക്കണം എന്ന്. അപ്പോള്‍ ഒരാള്‍ മാറിക്കൊടുത്തിട്ടു പറഞ്ഞു, നിങ്ങള്‍ വന്നോളൂ. അങ്ങനെ തിരഞ്ഞെടുപ്പ് ഒഴിവായി. അങ്ങനെ മാറിക്കൊടുത്തിട്ടുള്ള സാഹചര്യമുണ്ടായിട്ടുണ്ട്. പാര്‍വ്വതിയ്ക്ക് പറയാമായിരുന്നില്ലേ? ഇനിയും പറയാമല്ലോ? ഭാരവാഹിത്വത്തിലേക്ക് അവരെ ചേര്‍ക്കുന്നതിനോട് ഇപ്പോഴും ഞങ്ങള്‍ക്ക് ഒരു എതിര്‍പ്പുമില്ല.”

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപെട്ടു കുറ്റാരോപിതനായ നടന്‍ ദിലീപിന്‍റെ ‘അമ്മ’ പുനഃപ്രവേശത്തെ സംബന്ധിച്ച് സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ നടന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയുൾപ്പെടെ നാല് വനിതാ അംഗങ്ങള്‍ ‘അമ്മ’യില്‍ നിന്നും രാജി വച്ചിരുന്നു. ‘അമ്മ’യിലെ മറ്റു അംഗങ്ങളായ പത്മപ്രിയ, രേവതി, പാര്‍വ്വതി തിരുവോത്ത് എന്നിവര്‍ ഈ വിഷയം ചൂണ്ടിക്കാട്ടി ‘അമ്മ’യ്ക്ക് കത്തയയ്ക്കുകയും ദിലീപ് വിഷയം ഉള്‍പ്പടെയുള്ള സ്ത്രീകളുടെ ഗ്രീവന്‍സസുകള്‍ കേള്‍ക്കാനായി മറ്റൊരു യോഗം വിളിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഈ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ട് പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ എക്‌സ്‌പ്രസ് മലയാളത്തില്‍ എഴുതിയ ലേഖനത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും, തിരഞ്ഞെടുപ്പു വേളയില്‍ താന്‍ വിദേശയാത്രയിലായിരിക്കും എന്ന് കാണിച്ചു പിന്മാറാന്‍ ആവശ്യപ്പെട്ടതായി പാര്‍വ്വതി പറഞ്ഞത്.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം: ‘അമ്മ’ അറിയാന്‍, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mohanlal parvathy thiruvoth amma wcc

Next Story
വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിVarappuzha, Sreejith, Custody Murder, വരാപ്പുഴ, ശ്രീജിത്ത്, കസ്റ്റഡി മരണം, ഭീഷണി കത്ത്, SReejith's Family
The moderation of comments is automated and not cleared manually by malayalam.indianexpress.com