തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാനുള്ള ശ്രമം ആര്‍എസ്എസ് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടാല്‍ മോഹന്‍ലാല്‍ മത്സരിക്കും എന്നാണ് ആര്‍എസ്എസിന്റെ പ്രതീക്ഷ. മോഹന്‍ലാലിന്റെ സുഹൃത്തുക്കള്‍ വഴിയും ശ്രമം നടക്കുന്നുണ്ട്.

അതേസമയം, രാഷ്ട്രീയം തന്റെ മേഖലയല്ലെന്നും ചെയ്തു തീര്‍ക്കാന്‍ വേറെ ഒരുപാട് ജോലികളുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ‘രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി നിലനില്‍ക്കാന്‍ ആണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. ഈ പ്രൊഫഷനില്‍ ഉള്ള സ്വാതന്ത്ര്യം ഞാന്‍ ആസ്വദിക്കുന്നു. ധാരാളം ആളുകള്‍ നമ്മളെ ആശ്രയിച്ചിരിക്കുന്ന അവസ്ഥയാണ് രാഷ്ട്രീയത്തില്‍, അതൊട്ടും എളുപ്പമല്ല. മാത്രമല്ല, എനിക്ക് വലുതായൊന്നും അറിയാത്ത വിഷയവുമാണ് രാഷ്ട്രീയം. അവിടേയ്ക്കു വരാന്‍ താത്പര്യമില്ല,” ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ വെളിപ്പെടുത്തി.

കഴിഞ്ഞ സെപ്റ്റംബറില്‍ ജന്മാഷ്ടമി നാളില്‍ തന്റെ അച്ഛനമ്മമാരുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്. മോഹന്‍ലാലുമായി കൂടിക്കാഴ്ച നടത്തിയ വിവരം നരേന്ദ്ര മോദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തില്‍ മമ്മൂട്ടിയും മഞ്ജു വാര്യരുമെല്ലാം മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് താരങ്ങളെല്ലാം രംഗത്തുവന്ന് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുകയായിരുന്നു. മഞ്ജു വാര്യര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍, നിലവില്‍ കേരളത്തിലെ പ്രമുഖ താരങ്ങളാരും മത്സരത്തിനില്ല എന്നാണ് കണക്കാക്കപ്പെടേണ്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.