കൊച്ചി : ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി .ആനക്കൊമ്പ് സുക്ഷിക്കാൻ മോഹൻലാലിന് മുൻകൂർ അനുമതി ഉണ്ടായിരുന്നില്ലെന്ന്
ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ആനക്കൊമ്പ് പിടിച്ചെടുക്കുമ്പോൾ കുറ്റകൃത്യം നടന്നിരുന്നില്ലേ എന്നും കുറ്റകൃത്യം കണ്ടെത്തിയ ശേഷം എങ്ങനെ നിയമ സാധുത നൽകാനാവുമെന്നും കോടതി ചോദിച്ചു.
കേസിൽ മോഹൻലാലിനെതിരെ പ്രഥമദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. ആനക്കൊമ്പ് കൈവശം വച്ച നടപടി വനം-വന്യജീവി നിയമത്തിലെ സെക്ഷൻ 31 ന്റെ ലംഘനമാണന്നും
കോടതി വ്യക്തമാക്കി. കേസിലുൾപ്പെട്ട ശേഷം ആനക്കൊമ്പ് കൈവശം വയ്ക്കാൻ മുഖ്യവനപാലകൻ നിയമസാധുത നൽകിയതിനെ കുറിച്ച് വനം വകുപ്പ് വിശദീകരണം നൽകണം.
മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാൻ അനുമതി നൽകിയതിനെതിരെ ആലുവ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള അനുമതി റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് 3 വർഷത്തിൽ കുറയാത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.
മോഹൻലാൽ ,സംസ്ഥാന സർക്കാർ, മുഖ്യവനപാലകൻ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പൗലോസ് ഹർജി സമർപ്പിച്ചിട്ടുള്ളത് മോഹൻലാലിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പൗലോസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ചതിന് നിയമസാധുത നൽകിയെന്ന് സർക്കാർ നിലപാടറിയിച്ചതിനെ തുടർന്ന് കോടതി കേസ് തീർപ്പാക്കുകയായിരുന്നു .