കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ അനുമതി നൽകരുതെന്ന് കേസിലെ പരാതിക്കാർ പെരുമ്പാവൂർ മജിസ്‌ട്രേറ്റു കോടതിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ അനുമതിയോടെ കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന സർക്കാരിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹർജിക്കാരായ ഏലൂർ സ്വദേശി എ.എ.പൗലോസും, റാന്നി സ്വദേശിയും മുൻ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്ററുമായ ജയിംസ് മാത്യുവും തടസവാദം ഉന്നയിച്ചത്.

മോഹൻലാൽ അനധികൃത ആനക്കൊമ്പുകൾ അനുമതിയില്ലാതെ കൈവശംവച്ചത് തെറ്റാണെന്ന് കണ്ടെത്തിയിട്ടും മുൻകാല പ്രാബല്യത്തോടെ ക്രമപ്പെടുത്തിയ മുഖ്യവനപാലകന്റെ നടപടി നിയമ വിരുദ്ധമാണെന്നും സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും ഹർജിക്കാർ ബോധിപ്പിച്ചു.

Read Also: Kerala Weather: സംസ്ഥാനത്ത് ശക്തമായ മഴ; വിവധ ജില്ലകളിൽ യെല്ലോ അലർട്ട്

സർക്കാർ അപേക്ഷയുടെ പകർപ്പ് വനം വകുപ്പിന് കൈമാറാൻ കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. ഹർജികൾ കൂടുതൽ വാദത്തിനായി കോടതി മാറ്റി.

ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. ഒന്നാം പ്രതി മോഹൻലാൽ അടക്കമുള്ളവർക്കെതിരെയുള്ള കുറ്റപത്രം സ്വീകരിച്ച പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് വിചാരണ നടപടിയിലേക്ക് കടന്നത്. മോഹൻലാൽ അടക്കമുള്ളവർക്ക് കോടതി സമൻസയക്കുകയും ചെയ്‌തിരുന്നു.

Read Also: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗണിനു സാധ്യതയില്ല; നിയന്ത്രണങ്ങൾ കടുപ്പിക്കും

ആനക്കൊമ്പ് കേസിൽ മോഹൻലാൽ ഒന്നാം പ്രതിയാണെന്ന് കാണിച്ചുള്ള കുറ്റപത്രം സെപ്റ്റംബർ 30 നാണ് കോടതിക്ക് കെെമാറിയത്. ആനക്കൊമ്പ് കൈവശം വച്ചതിന് മോഹൻലാൽ അടക്കമുള്ള പ്രതികൾക്കെതിരെ പരമാവധി അഞ്ചു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.