കൊച്ചി: നടന് മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കേസ് നിലനില്‍ക്കെ ആനക്കൊമ്പിന് എങ്ങനെ ഉടമസ്ഥാവകാശം നല്കാനാവുമെന്നു ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു.
വലിയ ധനികനായതുകൊണ്ടാണോ ഉടമസ്ഥാവകാശം നല്‍കിയത്? സ്വര്‍ണമാല മോഷ്ടിച്ചയാള്‍ സ്വര്‍ണക്കട തന്നെ വാങ്ങിയാലും കേസ് നിലനില്‍ക്കില്ലേയെന്നും കോടതി ചോദിച്ചു.
കേസെടുത്ത ശേഷമാണ് ആനക്കൊമ്പ് ക്രമപ്പെടുത്തിയതെന്നു കോടതി നിരീക്ഷിച്ചു. ആനക്കൊമ്പ് ക്രമപ്പെടുത്തിയ വിജ്ഞാപനം ആരും കണ്ടിട്ടില്ലെന്നും ഗസറ്റില്‍ വിജ്ഞാപനം ചെയ്യണമെന്നാണു വ്യവസ്ഥയെന്നും ഹര്ജിക്കാരന് ബോധിപ്പിച്ചു. എന്നാല്‍ വിജ്ഞാപനം ഓണ്‍ലൈനിലുണ്ടെന്ന് മോഹന്‍ലാലിന്റെ അഭിഭാഷകന് അറിയിച്ചു.
വനം – വന്യജീവി നിയമം ഈ കേസില്‍ ബാധകമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. നാട്ടാനയുടെ കൊമ്പാണു മോഹന്‍ലാല്‍ സൂക്ഷിച്ചത്. ചരിഞ്ഞ ആനയുടെ കൊമ്പാണു മോഹന്‍ലാലിന്റെ കൈവശമുള്ളത്. ഹര്‍ജിക്കാരന്റെ ലക്ഷ്യം പ്രശസ്തിയെന്നും സര്‍ക്കാര്‍ വാദിച്ചു.
കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി വിധി പറയാനായി മാറ്റി. പെരുമ്പാവൂര്‍ മജിസ്ട്രറ്റ് കോടതിയിലെ കേസിന്റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയിലെ കാലതാമസം അനുവദിച്ചു നല്‍കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാല്‍ നേരത്തെ കോടതിയെ സമീപിച്ചെങ്കിലും അവശ്യം തള്ളിയിരുന്നു. കേസില്‍ പൊതു താല്‍പ്പര്യമുണ്ടെന്നും റദ്ദാക്കാനാവില്ലെന്നും പറഞ്ഞ ഹൈക്കോടതി, വിചാരണക്കോടതിയോട് തീരുമാനമെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ടു ജോഡി ആനക്കൊമ്പും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെത്തുടര്‍ന്ന് കേസ് എടുക്കുകയായിരുന്നു.
ആനക്കൊമ്പ് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹന്‍ലാലിന്റെ വാദം. ആനക്കൊമ്പ് പിടിച്ചെടുത്ത് തൊണ്ടിമുതലായി കോടതിയില്‍ ഹാജരാക്കാന്‍ വനം വകുപ്പ് തയാറായില്ല. പകരം മോഹന്‍ ലാലിനെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു.
തൊണ്ടി മുതല്‍ പ്രതിയെ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതു നീതിന്യായ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും വനം വന്യജീവി നിയമ പ്രകാരം മോഹന്‍ലാലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി പൗലോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വനം വകുപ്പ് കേസെടുത്ത് കുറ്റപത്രം നല്‍കിയത്.
കുറഞ്ഞത് അഞ്ചു വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണു മോഹന്ലാലിനെതിരെയുള്ളത്. മോഹന്‍ലാല്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ നിയമപ്രകാരം ആനകൊമ്പ് ക്രമപ്പെടുത്തി നല്കാന് മുഖ്യ വനപാലകന് ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരെ ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് മജിസ്ട്രറ്റ് കോടതിയില്‍ വീണ്ടും സജീവമായത്.