കൊച്ചി: അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സർക്കാർ അഭിഭാഷകൻ ഇതു സംബന്ധിച്ച അപേക്ഷ ഇന്ന് നൽകി. കേസ് കോടതിയുടെ അനുമതിയോടെ പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്നാണ് സർക്കാർ അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്ന് രണ്ട് ജോഡി ആനക്കൊമ്പുകൾ ആദായ നികുതി വകുപ്പ് റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് പിൻവലിക്കാൻ അനുമതി തേടിയിട്ടുള്ളത്.

Also Read: രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാൻ പൊലീസ്, വീട്ടിൽ റെയ്ഡ്

മോഹൻലാൽ സർക്കാരിന് നൽകിയ അപേക്ഷയെ തുടർന്ന് സർക്കാർ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ ചുമതലപ്പെടുത്തിയിരുന്നു. ആനക്കൊമ്പുകൾ മോഹൻലാലിന് ഉപഹാരമായി ലഭിച്ചതാണെന്നും എന്നാൽ സൂക്ഷിക്കാൻ അനുമതിയില്ലെന്നുമായിരുന്നു റിപ്പോർട്ട്.

Also Read: തൃശൂർ നഗരം ഭാഗികമായി അടച്ചു; ജൂലൈ അഞ്ച് വരെ കടുത്ത നിയന്ത്രണങ്ങൾ

റിപ്പോർട്ട് പരിഗണിച്ച മുഖ്യവനപാലകൻ ആനക്കൊമ്പുകൾ കൈവശം വയ്ക്കാൻ അനുമതി നൽകുകയായിരുന്നു. ഇതിനെതിരെ ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വനം വകപ്പ് കേസിൽ പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം നൽകിയത്. മോഹൻലാലിനെതിരെ വന്യ ജീവി നിയമപ്രകാരം നടപടി വേണമെന്നായിരുന്നു ഹർജയിലെ ആവശ്യം.

Also Read: അച്ഛന്റെ മകൾ; തായ് ആയോധന കലയിൽ വിസ്മയിപ്പിച്ച് മോഹൻലാലിന്റെ മകൾ വിസ്‌മയ

മോഹൻലാലിനെതിരായ കേസ് പിൻവലിക്കാൻ ഫെബ്രുവരി 7 നാണ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം.എ.റെജീന ബീഗം ഉത്തരവിറക്കിയത്. അനുമതി അപേക്ഷ പ്രോസിക്യൂട്ടർ വഴി കോടതിയിൽ സമർപ്പിക്കാൻ എറണാകുളം ജില്ലാ കലക്ടർക്കായിരുന്നു ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

കേസ് പിൻവലിക്കാൻ അനുമതി നൽകിയ റെജീന ബീഗത്തിന്റെ ഉത്തരവിനെതിരെ എ.എ.പൗലോസ് ഫെബ്രുവരി 24 ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം തുടർ നടപടികൾക്കായി പൊലീസ് മേധാവിക്കും മുഖ്യവനപാലകനും കൈമാറിയി. പരാതി തള്ളിക്കൊണ്ടാണ് ഇപ്പോൾ കോടതിയിൽ കേസ് പിൻവലിക്കുന്നതിനുള്ള അപേക്ഷ സർക്കാർ സമർപ്പിച്ചത്. അനുമതിയപേക്ഷ മജിസ്ടേറ്റ് കോടതി അടുത്തയാഴ്ച പരിഗണിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook