കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള തീരുമാനം കോടതിയെ അറിയിക്കാതെ സര്‍ക്കാർ. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടെന്ന വിവരം സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചില്ല.
ലാലിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ വനം മന്ത്രി പരസ്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണു സര്‍ക്കാര്‍ തീരുമാനം അറിയിക്കാതിരുന്നതെന്നാണു സൂചന. കേസ് പിന്‍വലിക്കാനുള്ള തീരുമാനം കലക്ടര്‍ വഴി ഡിഎഫ്ഒയ്ക്കു കൈമാറിയെങ്കിലും ഉത്തരവ് പ്രോസിക്യൂട്ടര്‍ വഴി പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
കേസ് പിന്‍വലിക്കുന്നതില്‍ ആദ്യം അനുകൂല നിലപാടെടുത്ത വനം വകുപ്പ് പിന്നീട് നിലപാട് മാറ്റിയതാണു പുതിയ തര്‍ക്കത്തിനു കാരണം. ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് അനുമതി നല്‍കി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയ മുഖ്യവനപാലകന്‍, അതിനു സ്വീകരിച്ച നടപടി ക്രമങ്ങളില്‍ പിഴവുണ്ടെന്നാണ് ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ലാലിനെതിരായത് സാധാരണ ക്രിമിനല്‍ കേസല്ലന്നും വനം വന്യജീവി നിയമ പ്രകാരം ചുമത്തിയ കുറ്റം വിചാരണ കോടതി തീരുമാനിക്കട്ടെയെന്നുമാണു വനം വകുപ്പിന്റെ നിലപാട്.
അതേസമയം, കേസ് പിന്‍വലിക്കുന്നതില്‍ ഒറ്റ നിയമോപദേശം മാത്രമേ സര്‍ക്കാരിനു മുന്നിലുള്ളൂ. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആദ്യം നല്‍കിയ നിയമോപദേശപ്രകാരമാണു മുഖ്യവനപാലകന്‍ ആനക്കൊമ്പ് കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് അനുമതി ക്രമപ്പെടുത്തി നല്‍കിയത്. രണ്ടു മാസം മുന്‍പ് മുഖ്യവനപാലകന്‍ അഡീഷണല്‍ എജി വഴി വീണ്ടും നിയമോപദേശം തേടിയിരുന്നു. അതേ നിയമോപദേശം തന്നെയാണു വീണ്ടും നല്‍കിയതെന്നാണു റിപ്പോര്‍ട്ട്.
Read Also: നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബു കൂറുമാറി
അതിനിടെ, ലാലിനെതിരെ ഹൈക്കോടതിയിലുള്ള കേസില്‍ എതിര്‍ കക്ഷി സര്‍ക്കാര്‍ മാത്രമായി ചുരുങ്ങി. ലാലിന് ഒരു ജോഡി ആനക്കൊമ്പുകള്‍ കൈമാറിയ ചെന്നൈ സ്വദേശിനിയും പത്താം എതിര്‍ കക്ഷിയുമായ നളിനി രാധാകൃഷ്ണനെ കോടതി കേസില്‍നിന്ന് ഒഴിവാക്കി. നളിനിക്കയച്ച നോട്ടീസ് കൈപ്പറ്റാതെ മടങ്ങിയതിനെ ത്തുടര്‍ന്ന് അവരെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു ഹര്‍ജിക്കാരനായ എ.എ പൗലോസ് അറിയിച്ചു. മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈമാറിയ മറ്റൊരു തൃപ്പുണിത്തുറ സ്വദേശി രാധാകൃഷ്ണനെ മരണത്തെത്തുടര്‍ന്ന് കേസില്‍ല്‍നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു.
ലാലിനെതിരെ രണ്ട് ഹര്‍ജികളാണു ഹൈക്കോടതിയിലുള്ളത്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് മുന്‍കാല പ്രാബല്യത്തോടെ നിയമപരമാക്കിയതു റദ്ദാക്കണമെന്നാണ് എ.എ പൗലോസിന്റെ ഹര്‍ജിയിലെ ആവശ്യം. ലാലിന്റെ വസതിയില്‍ അനധികൃതമായി സൂക്ഷിച്ച ആനക്കൊമ്പില്‍ തീര്‍ത്ത 13 ശില്‍പ്പങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ ജയിംസ് മാത്യു സമര്‍പ്പിച്ച ഹര്‍ജിയാണു രണ്ടാമത്തത്.
ലാല്‍ നിയമവിരുദ്ധമായാണ് ആനക്കൊമ്പുകള്‍ കൈവശം വച്ചതെന്നും സവിശേഷ അധികാരം ഉപയോഗിച്ച് ക്രമപ്പെടുത്തി നല്‍കിയെന്നുമാണു സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയത്. സത്യവാങ്ങ്മൂലം പരിശോധിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പ്രഥമദൃഷ്ട്യാ കേസുണ്ടന്നും നടപടി റിപ്പോര്‍ട്ട് മജിസ്ടേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശിക്കുകയായിരുന്നു. ആദ്യകേസിലെ സര്‍ക്കാരിന്റെ സത്യവാങ്മൂലം രണ്ടാമത്തെ കേസിന്റെ ഭാഗമാക്കാനും കോടതി ഇന്ന് പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു.
കേസില്‍ മജിസ്ട്രേറ്റ് കോടതി മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ക്കു കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ലാല്‍ ഇനിയും ഹാജരായിട്ടില്ല. അതിനിടെയാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.