കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശം. വിചാരണക്കോടതിക്കാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കേസ് പിന്‍വലിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മോഹന്‍ലാലിന്റെ ഹര്‍ജിയും പരാതിക്കാരുടെ ഹര്‍ജിയും തള്ളിയ കോടതി ആറ് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഉത്തരവിട്ടു.
നീതി എല്ലാവര്‍ക്കും തുല്യമെന്ന് ഹൈക്കോടതി അറിയിച്ചു. സാധാരണക്കാരനും ഉന്നതനും തമ്മില്‍ കോടതിക്ക് വ്യത്യാസമില്ല. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് തന്നെ ശരിയായില്ല. പ്രോസിക്യൂട്ടര്‍ വേണ്ടത്ര മനസിരുത്തിയല്ല കോടതിയില്‍ അപേക്ഷ നല്‍കിയത്. വിചാരണക്കോടതിയുടെ ഉത്തരവ് എല്ലാ കാര്യങ്ങളും പരാമര്‍ശിച്ചുള്ളതല്ല. മുന്‍ ഉത്തരവ് പരിശോധിച്ച് വീണ്ടും ഉത്തരവ് ഇറക്കണം. മോഹന്‍ലാല്‍ അടക്കം എല്ലാ കക്ഷികളെയും കേള്‍ക്കണമെന്നും കോടതി നിർദേശിച്ചു.
വനം-വന്യജീവി നിയമം മോഹന്‍ലാലിന് ബാധകമല്ല, കാട്ടാനയുടെ കൊമ്പല്ല കേസിലെ തൊണ്ടി, നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്റെ കൈവശമുള്ളത്, ആനക്കൊമ്പ് ക്രമപ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട് എന്നീ വാദങ്ങളാണ് സർക്കാർ ഉയർത്തിയത്. എന്നാൽ ആനക്കൊമ്പ് മോഹന്‍ലാലിന് ക്രമപ്പെടുത്തി നല്‍കിയത് നിയമവിരുദ്ധമാണെന്നും തൊണ്ടിമുതല്‍ പ്രതിയെത്തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് കേട്ടുകേള്‍വിയില്ലാത്തതാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് രണ്ടു ജോഡി ആനകൊമ്പും ആന കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെത്തിയത്. ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടർന്ന് കേസ് എടുക്കുകയായിരുന്നു. ആനകൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നാണ് മോഹൻലാലിന്റെ വാദം.
ആനക്കൊമ്പ് പിടിച്ചെടുത്ത് തൊണ്ടി മുതലായി കോടതിയിൽ ഹാജരാക്കാൻ വനം വകുപ്പ് തയാറായില്ല. പകരം തൊണ്ടി മുതൽ മോഹൻ ലാലിനെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിക്കുകയായിരുന്നു. തൊണ്ടി മുതൽ പ്രതിയെ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചത് നീതിന്യായ ചരിത്രത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത കാര്യമാണെന്നും വനം വന്യജീവി നിയമ പ്രകാരം മോഹൻലാലിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ഏലൂർ സ്വദേശി എ.എ.പൗലോസ് സമർപ്പിച്ച ഹർജിയിലാണ് വനം വകുപ്പ് കേസ് എടുത്ത് കുറ്റ പത്രം നൽകിയത്. കുറഞ്ഞത് 5 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹൻലാലിന് എതിരെയുള്ളത്.