scorecardresearch

Latest News

‘ഇപ്പ ശരിയാക്കിത്തരാം’; സിപിയെ വെള്ളം കുടിപ്പിച്ച റോഡ് റോളര്‍ ഇനി സാലിക്കു സ്വന്തം

‘വെള്ളാനകളുടെ നാട്’ സിനിമയില്‍ സുലൈമാനും മെയ്തീനും റോഡ് റോളര്‍ മെക്കാനിക്കുകളായിരുന്നെങ്കില്‍ ജീവിതത്തില്‍ രണ്ടുപേരും ഇതേ വാഹനത്തിന്റെ വളയം പിടിച്ചവരാണ്

Vellanakalude Nadu, വെള്ളാനകളുടെ നാട്, mohanlal, മോഹൻലാൽ, kuthiravattam pappu,കുതിരവട്ടം പപ്പു, sobhana, ശോഭന, Road roller, റോഡ് റോളർ, Road roller auction, റോഡ് റോളർ ലേലം, PWD, പൊതുമരാമത്ത് വകുപ്പ്, Sulaiman, സുലൈമാൻ, 'മെയ്തീൻ', 'മെയ്തീനേ ആ ചെറിയ സ്പാനറിങ്ങടുക്ക്', 'ഇപ്പ ശരിയാക്കി തരാം', Kozhikde, Vellanakalude Nadu location photos, വെള്ളാനകളുടെ നാട് ലൊക്കേഷൻ ചിത്രങ്ങൾ, Indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം

കോഴിക്കോട്: കോണ്‍ട്രാക്ടര്‍ സിപി നായരെ വെള്ളം കുടിപ്പിച്ച റോഡ് റോളര്‍ ലേലത്തില്‍ പിടിക്കും മുന്‍പ് സാലി ഉപദേശം ചോദിച്ചിരിക്കുക ആരോടായിരിക്കും? സംശയിക്കേണ്ട, മെയ്തീനെ ആ ചെറിയേ സ്പാനറിങ്ങെടുക്ക് ഇപ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞ ‘സുലൈമാ’നോട് തന്നെ.

‘മതില്‍ പൊളിച്ച്’ മലയാളികളുടെ മനസില്‍ കയറിയ വെള്ളാനാടുകളുടെ നാട് സിനിമയിലെ റോഡ് റോളറിന്റെ വളയം യഥാര്‍ഥ ജീവിതത്തിൽ പിടിച്ചതും ഒരു സുലൈമാന്‍. സിനിമയിൽ സുലൈമാൻ മെക്കാനിക്കായിരുന്നെങ്കിൽ ജീവിതത്തിൽ ഇതേ റോളറിന്റെ ഡ്രൈവറായിരുന്നു. കഴിഞ്ഞദിവസം ലേലം ചെയ്ത റോഡ് റോളര്‍ അവസാനമായി കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ വളപ്പിലേക്ക് ഓടിച്ചത് ഈ സുലൈമാനായിരുന്നു. മൂന്നര വര്‍ഷം മുന്‍പായിരുന്നു അത്.

എന്നാൽ ചിത്രത്തിന്റെ ഷൂട്ട് നടക്കുമ്പോൾ സുലൈമാനായിരുന്നില്ല റോളറിന്റെ ഡ്രൈവർ. സിനിമയിൽ കുതിര വട്ടം പപ്പു അഭിനയിച്ച മെക്കാനിക്ക് കഥാപാത്രമായ സുലൈമാൻ ചെറിയേ സ്പാനറെടുക്കാൻ പറഞ്ഞ സഹായി ‘മെയ്തീൻ’ ആയിരുന്നു ആ ഡ്രൈവർ. ആ സമയം താൻ മൂവാറ്റുപുഴയിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് സുലൈമാൻ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. തന്റെയും മൊയ്തീന്റെയും പേരുകളാവും സിനിമയിൽ ഉപയോഗിച്ചതെന്ന് അൻപത്തിയാറുകാരനായ സുലൈമാൻ കരുതുന്നു.

1988ല്‍ പുറത്തിറങ്ങിയ ‘വെള്ളാനകളുടെ നാട്’ എന്ന ചിത്രത്തില്‍ ഉപയോഗിച്ച റോഡ് റോളര്‍ കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശിയായ കരാറുകാരന്‍ എന്‍എം സാലിഹ് 1.99 ലക്ഷം രൂപയ്ക്കാണു ലേലത്തില്‍ പിടിച്ചത്. 1987 മോഡല്‍ ജെസോപ് ത്രീവീല്‍ഡ് സ്റ്റാറ്റിക് റോഡ് റോളറിന് 1.80 ലക്ഷം രൂപയായിരുന്നു പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച അടിസ്ഥാന ലേലത്തുക.

‘സിനിമാ താര’ത്തെ ലേലത്തിൽ പിടിച്ച സാലിക്കുമുണ്ടൊരു സിനിമാ ബന്ധം. പഴയകാല നടൻ കെപി ഉമ്മറിന്റ മാതൃസഹോദരിയുടെ മകനാണ് സാലി. യാദൃശ്ചികമായാണ് സാലി ‘സിപിയുടെ റോളറിന്റെ’ ഉടമയാകുന്നത്. ഒരാവശ്യത്തിനു വില്ലേജ് ഓഫീസില്‍ പോയപ്പോഴാണ് തൊട്ടടുത്ത പിഡബ്ല്യുഡി ഓഫീസില്‍ റോഡ് റോളര്‍ ലേലത്തിനു വച്ചതായി സാലി അറിഞ്ഞത്. സാലി ഉള്‍പ്പെടെ പത്തുപേരാണു ലേലത്തില്‍ പങ്കെടുത്തത്.

2016 വരെ റോഡ് പണിക്ക് ഉപയോഗിച്ച റോളര്‍ മൂന്നര വര്‍ഷമായി കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് അനക്കമില്ലാതെ കിടക്കുകയാണ്. പെട്ടെന്ന് ഓടിക്കാന്‍ കഴിയില്ലെങ്കിലും സിനിമയിലേതു പോലെ ‘പണി കിട്ടില്ല’എന്നും ധൈര്യമായി ലേലത്തില്‍ പിടിച്ചോളാനുമായിരുന്നു സാലിക്കു സുലൈമാന്‍ നല്‍കിയ ഉപദേശം.

പൊതുമരാമത്ത് വകുപ്പിന്റെ ലേലനടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് റോളര്‍ സാലിക്കു സ്വന്തമാകും. അതിനു 10 ദിവസമെങ്കിലും എടുക്കും. റോളര്‍ നിലവിലെ അവസ്ഥയില്‍ ഉരുളാന്‍ പ്രയാസമാണെങ്കിലും ഗിയര്‍ ബോക്‌സും മറ്റും മികച്ചതായതിനാല്‍ റിപ്പയര്‍ ചെയ്‌തെടുക്കാന്‍ കഴിയുമെന്നാണു സാലിയുടെ പ്രതീക്ഷ. റോളര്‍ റിപ്പയര്‍ ചെയ്‌തെടുക്കാന്‍ കഴിയുന്ന അവസ്ഥയിലാണെന്നാണു പൊതുമരാമത്ത് വകുപ്പിന്റെ ലേലവ്യവസ്ഥയിലും പറഞ്ഞിരിക്കുന്നത്.

റോളര്‍ ജെസിബി ഉപയോഗിച്ച് ലോറിയില്‍ കയറ്റി വര്‍ക്ക് ഷോപ്പില്‍ എത്തിക്കേണ്ടി വരും. റിപ്പയര്‍ ചെയ്‌തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതിന്റെ പ്രധാന പാര്‍ട്‌സുകള്‍ സാലിയുടെ ഉടമസ്ഥതയിലുള്ള മറ്റു റോളറുകളില്‍ ഉപയോഗിക്കും. ശേഷിക്കുന്ന ഭാഗങ്ങള്‍ ഇരുമ്പ് വിലയ്ക്ക് തൂക്കി വില്‍ക്കുമെന്നും സാലി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

എന്നാൽ, കുറച്ചുകാലമായി ഉപയോഗിക്കാത്തതിന്റെ പ്രശ്നം മാത്രമേയുള്ളൂവെന്നും അത് ശരിയാക്കാവുന്നതേയുള്ളൂവെന്നാണ് സുലൈമാൻ പറയുന്നത്. ”എൻജിൻ ഓവർ ഹോളിങ് നടത്തി, ചക്രങ്ങൾ മാറ്റുന്നതോടെ റോളർ ഉഷാറാകും. ചക്രങ്ങൾ തേഞ്ഞതാണ്. ഗിയർ ബോക്സിനു പ്രശ്നമൊന്നും ഉണ്ടാകാൻ സാധ്യതയില്ല,” സുലൈമാൻ പറഞ്ഞു. ഈ റോളർ 14 വർഷമാണു സുലൈമാൻ ഓടിച്ചത്. 32 വർഷത്തെ സേവനത്തിനുശേഷം 2016 ഡിസംബറിൽ പൊതുമരാമത്ത് വകുപ്പില്‍നിന്നു വിരമിച്ച സുലൈമാൻ സിവിൽ സ്റ്റേഷനു സമീത്തെ ജംഷീർ മൻസിലിൽ വിശ്രമജീവിതത്തിലാണിപ്പോൾ.

Vellanakalude Nadu, Vellanakalude Nadu location photos, Vellanakalude Nadu unseen photos, Vellanakalude Nadu mohanlal, Vellanakalude Nadu Shobana, വെള്ളാനകളുടെ നാട്, വെള്ളാനകളുടെ നാട് മോഹൻലാൽ ശോഭന, Indian express malayalam, IE Malayalam

മോഹന്‍ലാലിനെയും ശോഭനയേയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘വെള്ളാനകളുടെ നാട്’ 1988 ഡിസംബര്‍ ഒമ്പതിനാണ് പ്രദര്‍ശനത്തിനെത്തിയത്. നടന്‍ മണിയന്‍ പിള്ള രാജു നിര്‍മിച്ച ചിത്രം കോഴിക്കോട്ടും പരിസരങ്ങളിലുമായി 20 ദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ചിത്രീകരണത്തിനായി ദിവസം ആയിരം രൂപയ്ക്കാണു പൊതുമരാമത്ത് വകുപ്പിൽനിന്ന് റോളർ വാടകയ്ക്കെടുത്തത്.

ചിത്രത്തില്‍ റോഡ് റോളര്‍ റിപ്പയര്‍ ചെയ്യാനെത്തുന്ന സുലൈമാനാണു പ്രേക്ഷകരെ കൂടുതല്‍ ചിരിപ്പിച്ചത്. ‘താമരശേരി ചുരം’, ‘മെയ്തീനേ ആ ചെറിയ സ്പാനറിങ്ങടുക്ക്’, ‘ഇപ്പ ശരിയാക്കി തരാം’, ‘ഒരിത്തിരീംകൂടി സ്പീഡുണ്ടായിരുന്നെങ്കില്‍ ഈ വീടും കൂടി അങ്ങട്ട് പൊളിഞ്ഞേനേ, എങ്കില്‍ എന്ത് രസാണ്ടേനും’ എന്നിങ്ങനെ സുലൈമാനായി വേഷമിട്ട കുതിരവട്ടം പപ്പു പറയുന്ന സംഭാഷണശകലങ്ങള്‍ 32 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും മലയാളികള്‍ക്കു പ്രിയപ്പെട്ടതാണ്.

Also Read: സിപിയും കാമുകിയും പിന്നെ പ്രിയദർശനും; സോഷ്യൽ മീഡിയയുടെ മനസ് കവർന്ന് ഒരപൂർവചിത്രം

സുലൈമാന് റിപ്പയര്‍ ചെയ്യാന്‍ കഴിയാത്ത റോഡ് റോളര്‍ കെട്ടിവലിക്കുന്നതായാണു ചിത്രത്തില്‍ കാണിച്ചത്. ഇതിനിടെ നിയന്ത്രണം വിട്ട് റോളര്‍, ശോഭന വേഷമിട്ട മുന്‍സിപ്പല്‍ കമ്മിഷണര്‍ രാധയുടെ വീടിന്റെ മതില്‍ തകര്‍ക്കുന്നു. ‘അപ്പോഴാണ് ഒരിത്തിരീംകൂടി സ്പീഡുണ്ടായിരുന്നെങ്കില്‍ ഈ വീടും കൂടി അങ്ങട്ട് പൊളിഞ്ഞേനേ’ എന്ന സുലൈമാന്റെ ഹിറ്റ് ഡയലോഗ് വരുന്നത്. ഈ രംഗം കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ രണ്ടു കാമറ ഉപയോഗിച്ച് ഒറ്റ ടേക്കിലാണ് ചിത്രീകരിച്ചത്. ഇതേ വീടിന്റെ മതില്‍ പിന്നീട് റോഡ് റോളര്‍ നിയന്ത്രണം വിട്ട് തകര്‍ന്നത് വൻ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Mohanlal film vellandakalude naadu iconic road roller auctioned