തിരുവനന്തപുരം: മോഹൻലാലിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളളയുടെ പ്രസ്താവനയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോഹൻലാൽ അത്തരമൊരു മണ്ടത്തരം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും ഇഷ്ടമുളള നടനാണ് മോഹൻലാൽ. കേരള സമൂഹത്തിന് സ്വീകാര്യതയുളള നടനാണ്. അങ്ങനെയൊരു വലിയ വിഡ്ഢിത്തം അദ്ദേഹം കാണിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ബിജെപിയിൽ ചേരുന്നവരെല്ലാം വിഡ്ഢികളാണോയെന്ന ചോദ്യത്തിന് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളൂവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്തകൾ ചൂടുപിടിക്കുന്നതിനിടെയാണ് അദ്ദേഹത്തെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിളള രംഗത്തുവന്നത്. മോഹൻലാൽ ബിജെപിയിലേക്ക് വന്നാൽ സന്തോഷമേയുളളൂ. അദ്ദേഹം സ്ഥാനാർത്ഥിയാവുന്നത് സന്തോഷമുളള കാര്യമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിളള പറഞ്ഞു. സേവാഭാരതിയുമായി മോഹൻലാൽ സഹകരിക്കുന്നുണ്ടെന്നും എന്നാൽ ബിജെപി പ്രവേശനം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും ശ്രീധരൻ പിളള വ്യക്തമാക്കി.

ഇതിനിടെ താന്‍ പ്രധാനമന്ത്രിയെ കണ്ടത് രാഷ്ട്രീയപ്രവേശനം ചർച്ച ചെയ്യാനല്ല. മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ എന്ന വലിയ ലക്ഷ്യങ്ങളുള്ള ട്രസ്റ്റിനെ കുറിച്ച് അറിയിക്കാനാണ് എന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു.

“തിരുവനന്തപുരത്ത് ലോക്‌സഭാ സ്ഥാനാർത്ഥിയാകുന്നതിനെ കുറിച്ച് എനിക്ക് അറിയില്ല. അറിയാത്ത കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ല. ഞാനെന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്,” മോഹൻലാൽ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

“മുൻപും ഞാൻ പല പാർട്ടികളുടെയും പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെയും പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും ഇത്തരം വാർത്തകൾ പുറത്തുവന്നിരുന്നു”, മോഹൻലാൽ കൂട്ടിച്ചേർത്തു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്നിന്ന് ബിജെപി ടിക്കറ്റില്‍ മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നതായി ഡെക്കാന്‍ ഹെറാള്‍ഡ് ആണ് റിപ്പോര്‍ട്ട് ചെയ്ത്. നടന്‍ എന്നതിനപ്പുറം സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയെന്ന നിലയില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കാനാണ് ആര്‍എസ്എസ് നീക്കം. മോഹന്‍ലാലിന്‍റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് ഉയര്‍ത്തിക്കാണിക്കുന്നത് ഇതിന്റെ ഭാഗമായാണെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ