തിരുവനന്തപുരം: മോഹന്‍ലാലിന്റെ 50 കോടിയുടെ നഷ്ടപരിഹാര നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. 50 കോടി നല്‍കാനുള്ള ശേഷി ബോര്‍ഡിനില്ലെന്നും മോഹന്‍ലാലിനോട് പരസ്യത്തില്‍ നിന്നും പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ മാസമാണ് മോഹന്‍ലാലിന്റെ വക്കീലില്‍ നിന്നും നോട്ടീസ് ലഭിച്ചത്. ഇത് സംബന്ധിച്ച് ആലോചിച്ചു വരികയാണെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. നേരത്തെ സ്വകാര്യ കമ്പനിയുടെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ഇതിനെതിരെ ഖാദി ബോര്‍ഡ് മോഹന്‍ലാലിനും കമ്പനിക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ശോഭനാ ജോര്‍ജിന് മോഹന്‍ലാല്‍ നോട്ടീസ് അയച്ചത്.

പൊതുജന മധ്യത്തില്‍ തന്നെ അപമാനിച്ചെന്നാണ് മോഹന്‍ലാലിന്റെ ആരോപണം. ബോര്‍ഡിന്റെ ഉപാധ്യക്ഷയായ ശോഭന പരസ്യമായി മാപ്പ് പറയണമെന്നും മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷ നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. അല്ലാത്ത പക്ഷം 50 കോടി നല്‍കേണ്ടി വരുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

മോഹന്‍ലാല്‍ നൂല്‍നൂല്‍ക്കുന്ന പരസ്യം ബോര്‍ഡിനെ നഷ്ടത്തിലാക്കുന്നതും സ്വകാര്യ സ്ഥാപനത്തെ ലാഭമുണ്ടാക്കുന്നതാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ബോര്‍ഡ് നേരത്തെ നോട്ടീസ് നല്‍കിയത്.ഇതേ തുടര്‍ന്ന് സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.