ആലപ്പുഴ: അശാസ്ത്രീയ ചികിത്സയെത്തുടര്‍ന്ന് ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് മോഹനന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു.
മോഹനന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചികിത്സാ പിഴവുമൂലം മരണം സംഭവിച്ചെന്ന് നിരവധി പേര്‍ മോഹനനെതിരെ പരാതി നല്‍കിയിരുന്നു. ഒന്നരവയസുകാരിയുടെ മരണത്തില്‍ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് മോഹനനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.
പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്റെ അശാസ്ത്രീയ ചികിത്സ മൂലം മരിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നരഹത്യയ്ക്ക് കേസെടുത്തത്.