തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് മന്ത്രി എ കെ ബാലന്‍. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.

പുരസ്‌കാരത്തിനായി മത്സരിച്ചവരില്‍ ഒരാള്‍ തന്നെ മുഴുവന്‍ പുരസ്‌കാര ജേതാക്കളെയും മുഖ്യമന്ത്രിയേയും മറി കടന്ന് ചടങ്ങില്‍ മുഖ്യാഥിതിയാകുന്നത് ഔചിത്യമല്ലെന്ന് കാണിച്ച്  107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു.  ഇതിനുമായി ബന്ധപ്പെട്ട് വലിയ വാദങ്ങളും നടന്നിരുന്നു.  മോഹന്‍ലാലിന് അനൂകുലമായി വിവിധ ചലച്ചിത്ര സംഘടനകളും രംഗത്തെത്തിയിരുന്നു.

Read More: ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി വേണ്ടെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

പുരസ്‌കാര ജേതാക്കളായ ഇന്ദ്രന്‍സും വിസി അഭിലാഷും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മോഹന്‍ലാല്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും ഇതിന്റെ പേരില്‍ ആരും തമ്മിലടിക്കരുതെന്നുമായിരുന്നു ഇന്ദ്രന്‍സ്  പ്രതികരിച്ചത്.

“ഇക്കൊല്ലം ഇന്ദ്രൻസേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹൻലാൽ എന്ന് ചിലർ പറയുന്നു. ഈ വർഷം ആ നടൻ അങ്ങനെ പിന്നിൽ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വർഷക്കണക്ക് കൊണ്ടാണോ മോഹൻലാലിനെ അളക്കേണ്ടത്? ഈ വാദം അക്കാദമിക സദസ്സുകളിൽ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ നാൽപ്പത് വർഷം തീയറ്ററിൽ പോയും വീട്ടിലിരുന്നും സിനിമ കണ്ട്‌ ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നിൽ ഈ മണ്ടത്തരം പറയരുത്,” ഇന്ദ്രന്‍സിനു മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ‘ആളൊരുക്കം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വി സി അഭിലാഷ് പറയുന്നു.

 

Read More: ചടങ്ങ് നാഥനില്ലാത്തത് പോലെയായിപ്പോകും: മോഹന്‍ലാല്‍ വരണമെന്ന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ്

മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ നല്‍കിയ കത്തിനെതിരെയാണു മുഖ്യമന്ത്രി പിണറായി വിജയനു വിവിധ സംഘടനകള്‍ പരാതി നല്‍കിയത്. കത്തില്‍ ആദ്യ പേരുകാരനായി ഒപ്പിട്ടിരിക്കുന്ന പ്രകാശ് രാജ് ഇത്തരമൊരു കത്തിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

Read More: മോഹന്‍ലാലിനെതിരെയുള്ള പ്രസ്താവനയില്‍ ഒപ്പിട്ടിട്ടില്ല: പ്രകാശ് രാജ്

അമ്മ, കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ (കേരള), ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്), ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) എന്നീ സംഘടനകളാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിലെ മുഖ്യാതിഥി എന്ന സങ്കല്‍പം തന്നെ ഒഴിവാക്കപ്പെടേണ്ടതാണെന്നാണു കത്തില്‍ പറയുന്നത്. എന്നാല്‍ അതിന്റെ ലക്ഷ്യം മോഹന്‍ലാലിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കുക എന്നതാണ്. സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്തില്‍ ഒപ്പിട്ടിരിക്കുന്ന ചിലര്‍ ദിവസങ്ങള്‍ക്കു മുന്‍പേ തങ്ങളുടെ അജന്‍ഡ വെളിപ്പെടുത്തിയതുമാണെന്ന് പരാതിയില്‍ പറയുന്നു. മോഹന്‍ലാലിനെ ഇതുവരെ ചടങ്ങിലേക്കു സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല. ക്ഷണിക്കപ്പെടാത്ത ഒരാളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന അളവിലേക്കു ചിലരുടെ വിദ്വേഷം വളര്‍ന്നിരിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.