കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചതിന് നടന്‍ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം പ്രസക്തമായിരുന്നുവെന്നും എന്നാല്‍ അപ്പോള്‍ അതിന് മറുപടി പറയാന്‍ തക്കവണ്ണമുള്ള സാചര്യത്തിലായിരുന്നില്ല താനെന്നും പറഞ്ഞ മോഹന്‍ലാല്‍, തന്റെ മറുപടി ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണെന്നു കരുതി ക്ഷമിക്കണമെന്ന് മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read More: ‘നാണമില്ലേ ഇങ്ങനത്തെ കാര്യങ്ങള്‍ ചോദിക്കാന്‍?’ കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ മറുപടി

കഴിഞ്ഞദിവസം പ്രളയദുരിതബാധിതകര്‍ക്ക് സഹായമെത്തിക്കാന്‍ കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയപ്പോഴായിരുന്നു സംഭവം. കന്യാസ്ത്രീകളഉടെ സമരം ഇവിടുത്തെ പൊതുവികാരമാണോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നു ചോദിച്ചപ്പോഴായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

‘നിങ്ങള്‍ക്കു നാണമുണ്ടോ ഇങ്ങനത്തെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍, ഒരു നല്ല കാര്യം നടക്കുമ്പോള്‍. കന്യാസ്ത്രീകള്‍ എന്തു ചെയ്യണം, അതും ഇതുമായി എന്തുബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ? ഇതൊക്കെയാണോ… അത് പൊതുവികാരമാണോ, ഇവിടെ ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍,’ എന്നായിരുന്നു മോഹന്‍ലാല്‍ നല്‍കിയ മറുപടി.

പിന്നീട് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് ഏതു ചാനലിന്റെ പ്രതിനിധിയാണെന്ന് ചോദിക്കുകയും, മാതൃഭൂമിയെന്നു മറുപടി പറഞ്ഞപ്പോള്‍ ‘ആ, അതാണ്’ എന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ഉത്തരം ഒരു വ്യക്തിയേയോ സ്ഥാപനത്തെയോ പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ലെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ