ന്യൂഡൽഹി: കേരളത്തേയും പശ്ചിമ ബംഗാളിനേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്. ഇരു സംസ്ഥാനങ്ങളും ജിഹാദികളെ കൈകാര്യം ചെയ്യുന്നതില്‍ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന്റെ സ്ഥാപക വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ സംസ്ഥാനങ്ങളിൽ സംഘർഷം ഉണ്ടാക്കാൻ ജിഹാദി സംഘടനകൾ ശ്രമിക്കുകയാണ്. സർക്കാരുകൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റാതെ ജിഹാദി ഘടകങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങൾ മുന്നേറ്റം തുടങ്ങിയിട്ടുണ്ടെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
റോഹിൻഗ്യൻ മുസ്ളിങ്ങൾ ഇന്ത്യയിൽ അഭയാർത്ഥികളായി എത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. “തീവ്രവാദ ബന്ധമുള്ളതിനാലാണ് മ്യാന്മറിൽ നിന്ന് റോഹിൻഗ്യകളെ പുറത്താക്കിയത്. റോഹിൻഗ്യകളെ പിന്തുണയ്ക്കുന്നവരെ മനുഷ്യത്വത്തിന്റെ പേരിലാണ് ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കുന്നത്. എന്നാൽ, മാനുഷികതയുടെ പേരിൽ മാനവരാശിയെ തന്നെ അപകടപ്പെടുത്താനാവില്ലെന്നും ഭഗവത് പറഞ്ഞു.
പശുവിനെ പോറ്റുന്നത് മതത്തിന്റെ കാര്യമല്ലെന്നും നിരവധി മുസ്ലിംകളും പശു വളർത്തലിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഭഗവത് പറഞ്ഞു. “ഗോരക്ഷകര്‍ക്ക് നേരെ വ്യാപകമായ അക്രമം നടക്കുകയാണ്. ഗോരക്ഷകരുടെ കൈകളാൽ ആരും കൊല്ലപ്പെടുന്നത് നല്ലതല്ല. ഏതു തരത്തിലുള്ള അക്രമങ്ങളും അപലപനീയമാണ്- ഭാഗവത് കൂട്ടിച്ചേർത്തു. ‘നീതി ആയോഗിലേയും സംസ്ഥാനങ്ങളിലേയും സാമ്പത്തിക ഉപദേശകര്‍ പഴയ സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഉപേക്ഷിക്കണം. രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയുമായി പൊരുത്തപ്പെടുന്നതാവണം പ്രവര്‍ത്തനം ഇന്ത്യയുടെ സാന്പത്തിക നില ഇപ്പോൾ പരുങ്ങലിലാണെന്നും ഇത് ഉടൻ അഭിവൃദ്ധിപ്പെടുമെന്നാണ് കരുതുന്നതെന്നും ഭഗവത് വ്യക്തമാക്കി.